കാട്ടുമൃഗങ്ങളുടെ ജഡവുമായി അഞ്ചംഗസംഘത്തെ വനപാലകര്‍ അറസ്റ്റ് ചെയ്തു

വേട്ടയാടി പിടിച്ച കാട്ടുമൃഗങ്ങളുടെ ജഡവുമായി അഞ്ചംഗസംഘത്തെ ആദിവാസികോളനിയില്‍ നിന്നും വനപാലകര്‍ അറസ്റ്റ് ചെയ്തു.ഇവരുടെ പക്കല്‍ നിന്നും 18 കിലോ തൂക്കം വരുന്ന മുള്ളന്‍പന്നിയേയും ഉടുമ്പിനേയും വനപാലക സംഘം പിടികൂടി.ആദിവാസി കോളനിക്ക് സമീപമുള്ള വനമേഖല കേന്ദ്രീകരിച്ച് സ്ഥിരം നായാട്ട് സംഘമാണ് പിടിയിലായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അടിമാലി ചിന്നപ്പാറക്കുടി നിവാസികളായ അഭിലാഷ്, മനു, കുഞ്ഞപ്പന്‍ കുഞ്ഞപ്പന്റെ മക്കളായ റെജി, രഞ്ചന്‍  എന്നിവരെയാണ് കാട്ടിറച്ചിയുമായി അടിമാലി കൂമ്പന്‍പാറ ഫോറസ്റ്റ് റെയിഞ്ചോഫീസിലെ വനപാലകര്‍ അറസ്റ്റ് ചെയ്തത്.ഇവര്‍ വേട്ടയാടി പിടിച്ച മുള്ളന്‍ പന്നിയുടെയും ഉടുമ്പിന്റെയും 18കിലോയോളം തൂക്കം വരുന്ന ഇറച്ചിയും വനപാലക സംഘം പിടിച്ചെടുത്തു.നിരന്തരം കല്ലിനെറിഞ്ഞ് കാട്ടുമൃഗങ്ങളെ അവശരാക്കിയ ശേഷം ചാക്കുപയോഗിച്ചോ തുണിയുപയോഗിച്ചോ മൃഗങ്ങളെ പിടികൂടുകയാണ് ഇവരുടെ രീതിയെന്ന് വനപാലകര്‍ പറഞ്ഞു.ആദിവാസി കോളനിക്ക് സമീപമുള്ള വനമേഖല കേന്ദ്രീകരിച്ച് നായാട്ട് നടത്തുന്ന സംഘമാണ് പിടിയിലായതെന്നും കാട്ടിറച്ചി വില്‍പ്പനയുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും കൂമ്പന്‍പാറ ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ അഖില്‍ നാരായണന്‍ പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനപാലക സംഘം നായാട്ട് സംഘത്തെ അന്വേഷിച്ച് ചിന്നപ്പാറ ആദിവാസി കോളനിയിലെത്തിയത്.സംഘത്തില്‍ ഉള്‍പ്പെട്ട കുഞ്ഞപ്പന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ നായാട്ടിലുള്‍പ്പെട്ട അഞ്ചംഗ സംഘം മൃഗങ്ങളുടെ ജഡവുമായി വിശ്രമിക്കവെയായിരുന്നു വനപാലക സംഘം ഇവരെ കസ്റ്റഡിയിലെടുക്കുന്നത്.സ്വന്തം ആവശ്യത്തിനാണ് കാട്ടിറച്ചി ഉപയോഗിച്ച് വന്നിരുന്നതെന്ന് പിടിയിലായവര്‍ മൊഴിനല്‍കിയിട്ടുണ്ടെങ്കിലും ഇത് വനപാലക സംഘം വേണ്ടത്ര വിശ്വാസത്തിലെടുത്തിട്ടില്ല.ഏതെങ്കിലും റിസോര്‍ട്ട് മാഫിയായോ ഹോട്ടലുടമകളുമായോ ഇവര്‍ക്ക് എന്തെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടോയെന്ന് വനപാലക സംഘം അന്വേഷിക്കുന്നുണ്ട്. കൂമ്പന്‍പാറ ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ അഖില്‍ നാരായണന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത്.