തൊണ്ടിമുതല്‍ കണ്ടെടുത്തതു പ്രതിയുടെ കാമുകിയുടെ വീട്ടിൽനിന്ന്

കഴിഞ്ഞ ദിവസം കൂത്താട്ടുകുളത്ത് പൊലീസ് പിടിയിലായ കവർച്ചാ സംഘത്തിലെ തലവൻ രാമപുരം സ്വദേശി ശരത്തിന്റെ പാലായിലുള്ള കാമുകിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തത് ലക്ഷത്തോളം രൂപ വിലവരുന്ന ഗൃഹോപകരണങ്ങൾ. പാലക്കുഴ മൂങ്ങാംകുന്നിൽ പ്രവാസി കുടുംബത്തിന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് കടത്തിയതാണ് ഇതെന്നു പൊലീസ് പറഞ്ഞു. വലിയ റഫ്രിജറേറ്ററും എൽഇഡി ഡിസ്പ്ലേ ടിവിയുമാണ് കണ്ടെടുത്തത്. 

മൂങ്ങാംകുന്നിൽ നിന്ന് ഇവയ്ക്കൊപ്പം കവർച്ച ചെയ്ത മൈക്രോവേവ് അവനും വാഷിങ് മെഷീനും മ്യൂസിക് സിസ്റ്റവും നിലവിളക്കും കൂത്താട്ടുകുളത്ത് ആക്രിക്കച്ചവടക്കാരന്റെ വീട്ടിൽനിന്നും കണ്ടെടുത്തു. വിവിധ വാഹനങ്ങളിൽ നിന്ന് മോഷ്ടിച്ച അഞ്ച് വലിയ ബാറ്ററികളും സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. 

സംഘം പൊലീസ് പിടിയിലായ ബുധൻ വൈകിട്ട് ഗൃഹോപകരണങ്ങൾ പാലായിലെ കാമുകിയുടെ വീട്ടിൽ നിന്ന് വീണ്ടെടുക്കാൻ പൊലീസ് പുറപ്പെടുമ്പോൾ ജീപ്പിൽ ഒപ്പമുണ്ടായിരുന്ന ശരത് കയ്യിൽ മുറിവേൽപിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. ഇന്നലെ രാവിലെ ഇയാളെയും കൂട്ടിയാണ് ഇവിടെനിന്ന് സാധനങ്ങൾ തിരികെ എത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ സംഘത്തിലെ ശരത് (19), ഫെബിൻ (19), ആദർശ് (18) എന്നിവരെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടു പേരെ ജാമ്യത്തിൽ വിട്ടു.

അതേസമയം, കേസിൽ മോഷണ വസ്തുക്കൾ വീട്ടിൽ സൂക്ഷിച്ച ആക്രികച്ചവടക്കാരനെ കേസിൽനിന്ന് ഒഴിവാക്കാൻ നീക്കമെന്ന് ആക്ഷേപമുയർന്നു. വാഹനങ്ങളും ബാറ്ററികളും മോഷ്ടിക്കപ്പെട്ട കേസുകളിൽ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നേരത്തെ പലതവണ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്.  ഓപ്പറേഷൻ കുബേര റെയ്ഡിന്റെ ഭാഗമായി വീട്ടിൽനിന്ന് ലക്ഷക്കണക്കിന് രൂപയും ചെക്ക് ലീഫുകളും പിടിച്ചെടുത്ത കേസിൽ ഇയാൾ ഏതാനും വർഷം മുൻപ് അറസ്റ്റിലായിരുന്നു.