മരണം കൊലപാതകമാക്കി പൊലീസ്; ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി കുടുങ്ങി

കഴുത്തറുത്തു ജീവനൊടുക്കിയ ഗൃഹനാഥന്റെ മരണം കൊലപാതകമാക്കുമെന്ന് ഭീഷണിപ്പെടുത്തി കൊല്ലപ്പെട്ടയാളുടെ മകനിൽ നിന്നു ഒരു ലക്ഷം രൂപ പൊലീസ്  കൈക്കൂലി വാങ്ങി. അന്വേഷണത്തില്‍ കുറ്റംതെളിഞ്ഞതോടെ നെടുങ്കണ്ടം സിഐയേയും എഎസ്ഐയേയും ജില്ലാപൊലീസ് മേധാവി സ്ഥലമാറ്റി. ഇവരെ സസ്പെന്‍ഡ് ചെയ്യണമെന്ന്  ആവശ്യപ്പെട്ട് എസ്.പി. ഐജിക്ക് റിപ്പോര്‍ട്ടും കൈമാറി. 

 ഇളപ്പുങ്കൽ മീരാൻ റാവുത്തറിനെ വീടിനുള്ളിലെ ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ  ഇൗ മാസം ആറിനു രാവിലെ  കണ്ടെത്തിയിരുന്നു.  ശുചിമുറിയിൽ കയറിയ ശേഷം ദീർഘ സമയം പുറത്തിറങ്ങാത്തതിനെ തുടർന്നു വീട്ടുകാർ ശുചിമുറിയുടെ വാതിൽ തകർത്തു പരിശോധിച്ചപ്പോൾ രക്തത്തിൽ കുളിച്ചു മരിച്ച നിലയിലാണ് മീരാൻ റാവുത്തറെ കണ്ടെത്തിയത്. രോഗ  ബാധിതനായതിനെ തുടർന്നുള്ള മനോവേദനയിലാണ് മീരാൻ റാവുത്തർ മരിച്ചതെന്നാണു ഫൊറൻസിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം . 

എന്നാൽ സ്ഥലത്തെത്തിയ സിഐയും, എസ്ഐയും മീരാൻ റാവുത്തറുടെ മകനെ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയായിരുന്നു. ഇല്ലേല്‍ മരണം കൊലപാതകമാക്കി അറസ്റ്റുചെയ്യുമെന്നായിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് ഒരു ലക്ഷം രൂപ സിഐക്ക് കൈമാറി. 

മീരാന്‍ റാവുത്തറുടെ മകന്‍റ മകന്‍ ഹൈറേഞ്ചിലെ പൊലീസുകാരനാണ്. ഇദ്ദേഹം പിതാവിന്‍റെ പെരുമാറ്റത്തിലുള്ള മാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ച് പരാതി നല്‍കുകയായിരുന്നു. ഇതെതുടര്‍ന്നാണ്  കൈക്കൂലി വാങ്ങിയ നെടുങ്കണ്ടം സിഐ ബി.അയ്യൂബ്ഖാൻ, എഎസ്എെ സാബു എം. മാത്യു എന്നിവരെ  സ്ഥലം മാറ്റിയത്.   അയ്യൂബ്ഖാനെ മുല്ലപ്പെരിയാറിലേയ്ക്കും, സാബുവിനെ ജില്ലാ ക്രൈം റെക്കോർട്സ് ബ്യൂറോയിലേയ്ക്കുമാണ് മാറ്റിയത്.