മക്കിയാട് ഇരട്ടക്കൊല കേസില്‍ സുപ്രധാന വഴിത്തിരിവ്; പ്രതി കസ്റ്റഡിയിൽ

വയനാട് വെള്ളമുണ്ട മക്കിയാട് ഇരട്ടക്കൊലപാതക കേസില്‍ സുപ്രധാന വഴിത്തിരിവെന്ന് സൂചന. കൃത്യത്തില്‍ പങ്കെടുത്ത കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ് അറിയിച്ചു. മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയെതെന്നാണ് സൂചനകള്‍.

നവദമ്പതികളായ വെള്ളമുണ്ട പുറിഞ്ഞിയില്‍  വാഴയില്‍ ഉമ്മറും ഫാത്തിമയുമാണ് കൊല്ലപ്പെട്ടത്. മക്കിയാട് പന്ത്രണ്ടാം മൈലിലെ റോഡിന് സമീപം ജനവാസകേന്ദ്രത്തോട് ചേര്‍ന്ന ചെറിയ ഒാടിട്ട വീട്ടില്‍ ഇരുവരുടെയും താമസം. കിടപ്പുമുറിയില്‍ വെട്ടേറ്റ നിലയിലായിരുന്നു നവദമ്പതികള്‍. വീടിനു വശത്തെ അടുക്കളഭാഗം തുറന്നുകിടക്കുകയായിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നായിരുന്നു ആദ്യ നിഗമനം.തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് .ആയുധം കണ്ടെത്താന്‍ വേണ്ടി പ്രദേശത്തെ കിണറുകള്‍ വറ്റിച്ചു പൊലീസ് പരിശോധന നടത്തിയരുന്നു. 

അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം പല കോണില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തിലാണ് വഴിത്തിരിവ്. കേസ് ക്രൈബ്രാഞ്ചിന് വിടാനുള്ള നീക്കം നടന്നങ്കിലും അന്വേഷണ സംഘം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ സുപ്രധാനമായ വഴിത്തിരിവുണ്ടായത്. കൊല്ലപ്പെട്ട യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. മോഷണം പോയ സ്വര്‍ണം കണ്ടെത്തിയെന്നും സൂചനയുണ്ട്.

കൃത്യത്തില്‍ പങ്കെടുത്തെന്ന് കരുതുന്ന ഒരാളെയാണ് കസ്റ്റഡയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറിയിട്ടില്ല.  പ്രതികളെ കണ്ടെത്താനാകാത്തതില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ മേഖലയില്‍ നടന്നിരുന്നു. തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളില്‍ ഹര്‍ത്താലും നടന്നിരുന്നു.