പയ്യാമ്പലം റിസോര്‍ട്ട് പെണ്‍വാണിഭക്കേസിൽ വിചാരണ അവസാനഘട്ടത്തില്‍

കണ്ണൂര്‍ പയ്യാമ്പലത്ത് റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടത്തിയ പെണ്‍വാണിഭക്കേസിന്‍റെ വിചാരണ അവസാനഘട്ടത്തില്‍ . റിസോര്‍ട്ട് മാനേജരായിരുന്ന ഒന്നാം പ്രതി രാജന്‍  സ്ത്രീകളെ എത്തിച്ച് റിസോര്‍ട്ടില്‍വെച്ച് പലര്‍ക്കും കാഴ്ചവെച്ചിരുന്നതായാണ് കേസ്. കേസില്‍  കണ്ണൂരിലെ പലര്‍ക്കുമെതിരെ ആരോപണമുയര്‍ന്നിരുന്നെങ്കിലും രാജനെ പ്രതിയാക്കി  ടൗണ്‍  പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ ജോലിക്കുനിന്നിരുന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടന്നിരുന്ന പെണ്‍വാണിഭകേന്ദ്രത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തായത്. സ്ഥാപനത്തില്‍ ജോലിക്കെത്തുന്നവരേയും റിസോര്‍ട്ടിന്‍റെ മാനേരജരായിരുന്ന രാജന്‍ നിര്‍ബന്ധിച്ച് പെണ്‍വാണിഭത്തിന് പ്രേരിപ്പിച്ചിരുന്നതായി മൊഴികളുണ്ടായിരുന്നു. റിസോര്‍ട്ടില്‍ പലപ്പോഴായി എത്തിച്ച യുവതിയുടെ പീഡനകഥകള്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. 

രാജനെ ഒന്നാം പ്രതിയാക്കി റജിസ്റ്റര്‍ ചെയ്ത കേസില്‍ ആരോപണമുയര്‍ന്ന ഒട്ടേറെപേര്‍ക്കെതിരേയും പൊലീസ് അന്വേഷണം നടത്തിയിരുന്നു.രാജനും മറ്റുസ്ത്രീകളുമായി നടത്തിയിരുന്ന ഫോണ്‍ സംഭാഷണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. വര്‍ഷങ്ങളോളം ഈ റിസോര്‍ട്ടിലെത്തിച്ച് പലര്‍ക്കും കാഴ്ചവെച്ചതായി യുവതികളും പൊലീസിന് മൊഴി നല്‍കി.  അതേസമയം കൂടുതല്‍ യുവതികളില‍് നിന്ന് മൊഴിയെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് വിശദീകരണം. പ്രതിയും യുവതികളുമായി നടത്തിയിരുന്ന ഫോണ്‍ സംഭാഷണങ്ങളും യുവതികളുടെ മൊഴികളും സഹിതമാണ് പൊലീസ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.