വിദേശജോലി വാഗ്ദാനം ചെയ്തത് തട്ടിപ്പ്; പ്രതി അറസ്റ്റിൽ

വിദേശജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസില്‍ പാലക്കാട് തൃത്താലയില്‍ ഒരാള്‍ അറസ്റ്റില്‍. ഇതരസംസ്ഥാനങ്ങളിലുളള യുവാക്കളെ ഉള്‍പ്പെടെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ് പറഞ്ഞു.

കേസിലെ രണ്ടാം പ്രതി പാലക്കാട് പിരായിരി സ്വദേശി ചക്കാലംകുന്നു വീട്ടിൽ നൗഷാദാണ് അറസ്റ്റിലായത്. ഒന്നാം പ്രതി തൃശൂർ പഴയന്നൂർ സ്വദേശി മേനകത്തുവീട്ടിൽ സുൽഫിക്കർ വിദേശത്തേക്ക് കടന്നു.  തൃത്താല  പട്ടിത്തറ പഞ്ചായത്തിലെ പതിനെട്ട് പേര്‍ വിസതട്ടിപ്പിനിരയായി. 16 പേർക്ക് ഒമാനിലും രണ്ടു പേർക്ക് ബഹറിനിലും ജോലി വാഗ്ദാനം ചെയ്താണ് സംഘം യുവാക്കളിൽനിന്ന് വിവിധ തവണകളിലായി 8 ലക്ഷം രൂപ കൈക്കലാക്കിയത്.

കഴിഞ്ഞ ഏഴിന് വിദേശത്തേക്ക് പോകാനുളള ടിക്കറ്റ് ഇമെയിൽ വഴി പ്രതികൾ അയച്ചുകൊടുത്തിരുന്നു. ടിക്കറ്റിൽ സംശയം തോന്നിയതിനാൽ ട്രാവൽ ഏജൻസി മുഖേന അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. തമിഴ്നാട്ടിൽനിന്ന് 11 പേരും കണ്ണൂർ ജില്ലയില്‍ നിന്ന് ആറു പേരും  പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് സൂചന.വിദേശത്തേക്ക് കടന്ന സുല്‍ഫിക്കറിനെ തിരികെയെത്തിക്കാനും പൊലീസ് നിയമനടപടി തുടങ്ങി.