മിശ്രവിവാഹത്തെ ചൊല്ലിയുള്ള തർക്കത്തിൽ ദമ്പതികൾക്ക് പരിക്ക്

ഇടുക്കി വണ്ടിപ്പെരിയാറിൽ മിശ്രവിവാഹത്തെ ചൊല്ലിയുള്ള തർക്കത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. യുവതിയുടെ ബന്ധുക്കളാണ് ഇരുവരെയും മർദ്ദിച്ചത്. സംഭവത്തെക്കുറിച്ച് വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വണ്ടിപ്പെരിയാർ അർണക്കൽ മാട്ടുപ്പെട്ടിയിൽ താമസിക്കുന്ന അയ്യപ്പൻ, ഭാര്യ പാണ്ഡിയമ്മ എന്നിവർക്കാണ് മർദ്ദനമേറ്റത്.

7 പേരടങ്ങുന്ന  സംഘമാണ് ആക്രമത്തിന് പിന്നില്‍. കമ്പിവടിയുള്‍പ്പടെയുള്ള ആയുധങ്ങളുമായി  മാട്ടുപെട്ടിയിലെ എസ്റ്റേറ്റ് ലയത്തിലുള്ള വീട്ടിൽ അതിക്രമിച്ച് കയറി  ദമ്പതികളെ മർദ്ദിക്കുകയായിരുന്നു.  

താഴ്ന്ന ജാതിയിലുള്ള അയ്യപ്പൻ ഉയർന്ന ജാതിക്കാരിയായ പാണ്ടിയമ്മയെ വിവാഹം കഴിച്ചെന്ന് ആരോപിച്ചാണ്  ആക്രമണം. കഴിഞ്ഞദിവസം അയ്യപ്പൻറെ ഭാര്യ പാണ്ഡിയമ്മയെ അപമാനിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ അയൽവാസിയായ യുവാവിനെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ദമ്പതികൾക്ക് മർദ്ദനമേറ്റത്. അയ്യപ്പന് വയറിനും, പുറത്തും, തലയ്ക്കും കമ്പി വടികൊണ്ട് അടിയേറ്റു, പാണ്ഡിയമ്മയുടെ  കാലിനും കൈക്കും തലയ്ക്കും പരിക്കേറ്റു.

ഇരുവരെയും വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിലെത്തിച്ച ശേഷം തുടർചികിത്സക്കായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ്  അന്വേഷണം ആരംഭിച്ചു.