കാണാതായ പെണ്‍കുട്ടിയെ തിരയാന്‍ പണം വാങ്ങിയ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കാണാതായ പെണ്‍കുട്ടിയെ തിരയാന്‍ പണം വാങ്ങിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷല്‍ സ്ക്വാഡിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ   ദിനുലാല്‍, സജു സത്യന്‍ എന്നിവര്‍ക്കെതിരായാണ് നടപടി.  പെണ്‍കുട്ടിയുടെ പിതാവില്‍നിന്ന് 15,000 രൂപയാണ് പൊലീസുകാര്‍ വാങ്ങിയത്.   പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി  കാമുകനൊപ്പം പോയതായി കാണിച്ച് കഴിഞ്ഞ 28നാണ് പിതാവ് പരാതി നല്‍കിയത്.  തുടര്‍ന്ന് ബെംഗളൂരുവില്‍ അന്വേഷിക്കണമെന്ന് പറഞ്ഞാണ് പൊലീസുകാര്‍  15,000 രൂപ വാങ്ങിയത്.  മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെ പണം മടക്കി നല്‍കി ഒത്തുതീര്‍പ്പിനും പൊലീസുകാര്‍ ശ്രമിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.