ആള്‍മാറാട്ടം നടത്തി പ്രളയദുരിതാശ്വാസതട്ടിപ്പ്; കോട്ടയം സ്വദേശി അറസ്റ്റിൽ

പ്രളയദുരിതാശ്വാസം ഏകോപിപ്പിക്കുന്ന വിമാനക്കമ്പനി ഉദ്യോഗസ്ഥനെന്ന പേരില്‍ തട്ടിപ്പ് നടത്തിയ കോട്ടയം സ്വദേശി അറസ്റ്റില്‍.  ഇല്ലിക്കല്‍ തോപ്പില്‍ വീട്ടില്‍ വിനോദ്കുമാറിനെയാണ് പൊലീസ് അറസറ്റ് ചെയ്തത്. ആള്‍മാറാട്ടം നടത്തി സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി തട്ടിപ്പുകള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

ജെറ്റ് എയര്‍വേയ്സിലെ ലോജിസ്റ്റിക് ജനറല്‍ മാനേജറെന്ന വ്യാജേനയായിരുന്നു വിനോദ്കുമാറിന്‍റെ പ്രളയ ദുരിതാശ്വാസ തട്ടിപ്പ്. ജെറ്റ് എയര്‍വേയ്സുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് വിനോദ് നാട്ടുകാരെ തെറ്റിധരിപ്പിച്ചു. ഇതിനായി പലരില്‍ നിന്നും പണം കൈപ്പറ്റി. ഗുജറാത്തിലെത്തിയും നിരവധി പേരില്‍ നിന്ന ദുരന്തനിവാരണത്തിനെന്ന പേരില്‍ പണം തട്ടിയിട്ടുണ്ട്. കൂപ്പണുകളും മറ്റും തയ്യാറാക്കി വ്യാപക തട്ടിപ്പ് നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിനോദിന്‍റെ കൂടുതല്‍ തട്ടിപ്പുകളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

വ്യാജ റജിസ്ട്രേഷന്‍ നമ്പറിലുള്ള വാഹനത്തിലായിരുന്നു വിനോദിന്‍റെ യാത്ര. വാഹനത്തിൽ നിന്ന് വ്യാജബോര്‍ഡുകള്‍ കളിത്തോക്ക്, ക്ഷേത്രങ്ങളുടെ പേരില്‍ തയ്യാറാക്കിയ വ്യാജ രസീതുകള്‍ ഉള്‍പ്പെടെ കണ്ടെത്തി. തിരുവാർപ്പ് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന്റെ വെബ് സൈറ്റ് ഉണ്ടാക്കുവാനായി  ഗുജറാത്തിലെ ഒരു വ്യക്‌തിയിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ട്രാവൽ ഏജൻസിയുടെ ഫ്രാഞ്ചൈസി അനുവദിച്ചു നൽകാം എന്ന പേരില്‍ തൃശൂര്‍ സ്വദേശിയില്‍ നിന്ന ഒന്‍പത് ലക്ഷം രൂപയാണ് വിനോദ് തട്ടിയത്. 

റയിൽവേയിൽ ജോലി തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയതിന്  കോട്ടയം ഈസ്‌റ്റ് പോലിസ് സ്‌റ്റേഷനിൽ വിനോദിനെതിരെ കേസുണ്ട്. കാലപ്പഴക്കം ചെന്ന ഭക്ഷ്യവസ്തുക്കള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായും പൊലീസിന് സംശയമുണ്ട്. ഇത് സംബന്ധിച്ച വിശദമായ അന്വേഷണം തുടരുകയാണ്.