ആമിന വധക്കേസില്‍ പതിനേഴുകാരന്‍ പിടിയിൽ

കോഴിക്കോട് അരക്കിണറില്‍ വയോധികയായ ആമിനയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരന്‍ പിടിയില്‍. ആമിനയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബാംഗം കൂടിയായ  പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പ്രതി.  കുടുംബ വഴക്കാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. 

കവര്‍ച്ചാശ്രമത്തിനിടെയുണ്ടായ കൊലപാതകമല്ലെന്ന് പൊലീസ്  നേരത്തെ വിലയിരുത്തി. ആമിനയുമായി ഏറ്റവും അടുത്ത് ബന്ധമുള്ളവരോ ആരെങ്കിലും ചുമതലപ്പെടുത്തിയ ആളോ ആയിരിക്കാം കൊലപാതകത്തിന് പിന്നിലെന്ന സംശയം കൂടി ആയപ്പോള്‍ വീട്ടില്‍‌ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ഥിയിലേക്ക് അന്വേഷണമെത്തി. കൊല നടന്ന ദിവസം പ്രതി ആമിനയുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. ക്രൂരമായ രീതിയില്‍ തന്നെ ആമിനയ്ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്.

പതിനഞ്ചിലധികം മുറിവുകള്‍ ആമിനയുടെ ശരീരത്തിലുണ്ടായിരുന്നു. ആമിനയും പ്രതിയുടെ കുടുംബവുമായി നേരത്തെ തര്‍ക്കമുണ്ടായിരുന്നു,ഈ തര്‍ക്കവും ശത്രുതയുമാണ് കൊലയ്ക്ക് കാരണമായത്. കോസ്റ്റല്‍ സി.ഐ പി.ആര്‍.സതീശന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണച്ചുമതല, ഏഴ് എസ്.ഐമാരടങ്ങുന്ന സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

അസിസ്റ്റന്റ് കമ്മിഷണര്‍ കെ.പി.അബ്ദുല്‍ റസാഖിനാണ് മേല്‍നോട്ടച്ചുമതല. കൊലപാതകം നടന്നുവെന്ന് കരുതുന്ന സമയത്തെ മുഴുവന്‍ ഫോണ്‍ വിളിയുടെയും വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്കാണ് കെ.പി.ആമിനയെ അരക്കിണറിലെ വീട്ടില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.