പൊലീസിനെ ഭയന്നോടി യുവാവ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ പരാതിയില്ലെന്ന് ബന്ധുക്കൾ

തൃശൂർ ചേലക്കരയിൽ ബാറിലെ സംഘർഷത്തിനിടെ പൊലീസിനെ ഭയന്നോടി കിണറ്റില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിന് എതിരെ പരാതിയില്ലെന്ന് ബന്ധുക്കള്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നു ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

ഞായറാഴ്ച രാത്രി ചേലക്കര അരമന ബാറില്‍ ചിലര്‍ തമ്മില്‍ അടിപിടിയുണ്ടായി. ഈ സമയം, ബാര്‍ അധികൃതര്‍ പൊലീസിനെ വളിച്ചുവരുത്തി. ഈ സമയം ബാറിലുണ്ടായിരുന്നവര്‍ ചിതറിയോടി. ചേലക്കര സ്വദേശിയായ പ്രജീഷും ബാറിന്റെ തൊട്ടടുത്തുള്ള പറമ്പിലേക്ക് ഓടി. ഈ പറമ്പിലെ കിണറ്റില്‍ അബദ്ധത്തില്‍ വീണുവെന്നാണ് നിഗമനം. ഇന്നലെ രാത്രിയാണ് മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. പ്രജീഷിനെ കാണാനില്ലെന്ന ്പരാതി ലഭിച്ച ഉടനെ പൊലീസ് ഇറങ്ങിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബി.ജെ.പി. ഉള്‍പ്പെടെ പൊലീസിന് എതിരെ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ ബന്ധുക്കള്‍ നിഷേധിച്ചു. സി.പി.എമ്മിന്റെ ഭീഷണി ഭയന്ന് കുടുംബാംഗങ്ങള്‍ നടുക്കത്തിലാണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ ചേലക്കര സ്റ്റേഷനു മുമ്പില്‍ പ്രതിഷേധിച്ചു. മരിച്ച പ്രജീഷ് കൂലിപ്പണിക്കാരനാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.