വാഹനം കസ്റ്റഡിയിലെടുക്കാൻ കൈയാങ്കളി; സ്ത്രീയേയും കുട്ടികളെയും വലിച്ചിറക്കി

കട്ടപ്പന പുളിയന്‍മലയില്‍ റോഡ് സൈഡില്‍ നിറുത്തിയിട്ട വാഹനത്തില്‍ നിന്ന് സ്ത്രീയേയും കുട്ടികളെയും വലിച്ചിറക്കി വാഹനം കസ്റ്റഡിയിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് പരാതി. വണ്ടന്‍മേട്  എസ്.ഐയുടെ നേതൃത്വത്തിലാണ് വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പിന്നീട് പിഴയടപ്പിച്ച് വാഹനം വിട്ടുകൊടുത്തു. 

ഇന്ന് ഉച്ചയോടെയാണ് കട്ടപ്പന സ്വദേശിയും കുടുംബവും സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത്. ഒാടിച്ചിരുന്നയാള്‍  വാഹനം വഴിയരുകിലൊതുക്കി  സമീപത്തെ  കടയില്‍ കയറിയപ്പോഴാണ് പൊലീസെത്തി  സ്ത്രീയോടും കുട്ടികളോടും വാഹനത്തില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടത്. . നോ പാര്‍ക്കിങ്ങ് ബോര്‍ഡിന് മുമ്പില്‍ പാര്‍ക്കു ചെയ്തതുകൊണ്ടാണ് ഉടന്‍ നടപടിയെടുത്തതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ സ്ത്രീയെയും കുട്ടികളെയും വാഹനത്തില്‍ നിന്നിറക്കിയതിനെതുടര്‍ന്ന്  വണ്ടന്‍മേട്  എസ്.ഐയും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് ആശുപത്രിയിലേയ്ക്കാണ് പോകേണ്ടതെന്ന് അറിയിച്ചതോടെ പിഴയടപ്പിച്ച് വിട്ടയച്ചു.