ഈ ജാക്കറ്റ് ലിഗയുടേതല്ല, അവൾക്ക് അവിടെ തനിച്ചു പോകാനാവില്ല; നെഞ്ച് തകർന്ന് ഇലീസ്

കോവളത്തെ കണ്ടൽക്കാടുകളിൽ നിന്നും കണ്ടെടുത്ത മൃതദേഹത്തിലെ ജാക്കറ്റ് ലിഗയുടേതല്ലെന്നു സഹോദരി ഇലീസ്. ലിഗ അപകത്തില്‍പ്പെട്ടതോ ആത്മഹത്യചെയ്തതോ അല്ല. വിഷം ഉള്ളില്‍ച്ചെന്നതിന് തെളിവില്ലെന്നും ഇലീസ് പറഞ്ഞു. ലിഗയ്ക്ക് എന്തുസംഭവിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തണം. ആ സ്ഥലത്ത് ഒരാള്‍ക്ക് തനിച്ചുപോകാനാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. 

ലിഗയെ കാണാതായി പത്താംദിവസമാണ് കേസ് ഗൗരവമായെടുത്തത്. കേരള പൊലീസിന്റെ ഗുരുതരവീഴ്ചയാണ് ലിഗ മരിക്കാന്‍ കാരണമായത്. ലിഗ കടുത്ത  വിഷാദരോഗിയാണെന്നും അടിയന്തരമായി ഇടപെടണമെന്നും  കാണാതായ മണിക്കൂറുകളില്‍ തന്നെ കരഞ്ഞുപറഞ്ഞിട്ടും പൊലീസ് ലാഘവത്തോടെയാണ് പെരുമാറിയത്. ലീഗ ആത്മഹത്യചെയ്യില്ലെന്നും ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്നും അവര്‍ പറഞ്ഞു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ലെന്ന് ജ്വാല ഫൗണ്ടേഷന്‍ പ്രവര്‍ത്തക അശ്വതി പറഞ്ഞു.

അതേസമയം ശാസ്ത്രീയ പരിശോധനാഫലം വന്നശേഷമെ ലിഗയുടെ മരണകാരണം കണ്ടെത്താനാകൂഎന്ന് ഡി.ജി.പി പ്രതികരിച്ചു

നിർണായകമാകുക പോസ്റ്റ്മോർട്ടം റിപ്പോർട്ട് 

വിദേശ വനിത ലിഗയുടെ പോസ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. മരണം കൊലപാതകമല്ലെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിലോ ആന്തരാവയവങ്ങളിലോ പരിക്കുകളില്ല. വിഷം ഉള്ളില്‍ ചെന്നതാകാം മരണ കാരണമെന്ന് സംശയിക്കുന്നതായും പൊലീസ്. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ വിശദ അന്വേഷണം നടത്തുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം പരിശോധനകളുടെ പ്രാഥമിക ഫലത്തില്‍ ശരീരത്തിലോ ആന്തരായവങ്ങളിലോ മുറിവുകളോ പോറലുകളോ കണ്ടെത്തിയിട്ടില്ല. തല വേര്‍പെട്ട നിലയില്‍ കണ്ടെത്തിയത് മൃതദേഹം ജീര്‍ണിച്ചതുകൊണ്ടാണെന്നും പൊലീസ് കരുതുന്നു. വിഷം ഉള്ളില്‍ ചെന്നാകാം മരണമെന്നും സംശയിക്കുന്നു.  

മൃതദേഹം ലഭിച്ച കോവളത്തെ കണ്ടല്‍ക്കാട്ടിലും പരിസരത്തു നിന്നും അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം  റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. ആന്തരായവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലവും വരാനുണ്ട്.