പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവിനേയും കൊന്നതായി സംശയം

സൂറത്തിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവിനേയും കൊന്നതായി സംശയം. സൂറത്തിൽനിന്നുതന്നെ ലഭിച്ച സ്ത്രീയുടെ മൃതദേഹം പെൺകുട്ടിയുടെ അമ്മയുടേതാണോയെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. ഇതിനിടെ കൊലപാതകങ്ങളിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.  

ഈമാസം ആറാംതീയതിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടനിലയിൽ പെൺകുട്ടിയുടെ മൃതദേഹം സൂറത്തിൽനിന്ന് ലഭിക്കുന്നത്. കുട്ടിയെ തിരിച്ചറിയാത്തതിനാൽ സംസ്ഥാനത്തിന് പുറത്തേക്കും ഗുജറാത്ത് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചു. തുടർന്ന് കുട്ടിയുടെമേൽ അവകാശവാദമുന്നയിച്ച് ആന്ധ്രപ്രദേശിൽനിന്ന് രക്ഷിതാക്കളെത്തി. എന്നാൽ, മൃതദേഹം വിട്ടുനൽകുന്നതിനായി ഡിഎൻഎ പരിശോധന ആവശ്യമാണെന്ന് അധികൃതർഅറിയിച്ചു. ഇതിൻറെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിന് ഇടയിലാണ്, സൂറത്തിൽനിന്നുതന്നെ ലഭിച്ച സ്ത്രീയുടെ മൃതദേഹം കുട്ടിയുടെ മാതാവിൻറേതാകാമെന്ന് സംശയമുയരുന്നത്. മധ്യപ്രദേശ്-ഉത്തർപ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തിഗ്രാമമായ ഗംഗാപുരിൽനിന്ന് ഇരുവരെയും ഇവിടെ എത്തിച്ചതാകാമെന്നും സംശയിക്കുന്നു. 

ഇതിനിടെയാണ് കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ രാജസ്ഥാനിൽനിന്ന്  പിടികൂടിയത്. മൃതദേഹം ഉപേക്ഷിച്ചതായി സംശയിക്കുന്ന കാറിനെ ചുറ്റിപറ്റിയുള്ള അന്വേഷണമാണ് ഇവരിലേക്കെത്തിയത്. വീട്ടുജോലിക്കായി സ്ത്രീകളെ എത്തിച്ചുനൽകുന്നവരാണ് പിടിയിലായതെന്ന് സൂചനയുണ്ട്. ഇവർ ഗംഗാപുരിൽനിന്ന് അമ്മയേയും മകളേയും സൂറത്തിലെത്തിച്ചശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമികനിഗമനം. പിടിയിലായവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും, ഡിഎൻഎ പരിശോധനാഫലം ലഭിക്കുന്നമുറയ്ക്ക് കൃത്യവിവരം ലഭ്യമാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.