എസ്ഐയുടെ ആത്മഹത്യാക്കുറിപ്പിൽ മേലുദ്യോഗസ്ഥർക്കെതിരെ പരാമർശം

കൊച്ചിയില്‍ തൂങ്ങിമരിച്ച എസ്ഐയുടെ ആത്മഹത്യാക്കുറിപ്പിൽ മേലുദ്യോഗസ്ഥർക്കെതിരെ പരാമർശം. കൊച്ചി നോർത്ത് സിഐയും എസ്ഐയും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇവരുടെ കീഴിൽ ജോലി തുടരാനാവില്ലെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. കഴിഞ്ഞ ദിവസം ആത്മഹത്യാക്കുറിപ്പ് മാധ്യമങ്ങളിൽ ഒളിക്കാനും ദൃശ്യങ്ങൾ പകർത്തുന്നത് തടയാനും പൊലീസ് ശ്രമിച്ചിരുന്നു. 

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷനറി എസ്ഐ തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി ടി. ഗോപകുമാറിനെയാണ് റയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന ലോഡ്ജ് മുറിയില് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജിലേക്ക് മാധ്യമങ്ങളെ വിലക്കിയ പൊലീസ് മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് മുക്കി. നോർത്ത് പൊലീസ് സ്റ്റേഷനിലെ സിഐ കെ ജെ പീറ്റർ എസ്ഐ വിപിൻ ദാസ് എന്നിവരെ പേരെടുത്ത് വിമർശിക്കുന്നതാണ് ആത്മഹത്യാക്കുറിപ്പ്. ഇവർ ജീവിക്കാനനുവദിക്കാത്ത വിധം മാനസിക സമ്മർദത്തിലാക്കുന്നുവെന്നാണ് എഴുതിയിരിക്കുന്നത്. ഇവരുടെ കീഴിൽ ജോലി തുടരാനാവില്ലെന്നും മരണം മാത്രമാണ് വഴിയെന്നും കുറിപ്പിലുണ്ട്. തൻറെ മൃതദേഹം പോലും ഇരുവരെയും കാണിക്കരുതെന്ന് സഹപ്രവർത്തകരോട് അഭ്യർഥിച്ചിട്ടുമുണ്ട്. ഏഴുമാസം മുമ്പാണ് പ്രൊബേഷനിൽ നോർത്ത് സ്റ്റേഷനിലെത്തിയത്. പകൽ ക്രൈംബ്രാഞ്ചിൽ പരിശീലനവും രാത്രി സ്റ്റേഷൻ ഡ്യൂട്ടിയുമായിരുന്നു. ഇതിനാൽ ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ഗോപകുമാർ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. സംഭവം ഡിസിപി നേരിട്ടാണ് അന്വേഷിക്കുന്നത്. ഗോപകുമാറിൻറെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നോർത്ത് പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഈ മാസം കൊച്ചിയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെപൊലീസുകാരനാണ് ഗോപകുമാർ. കടവന്ത്ര സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ തോമസിനെ സ്റ്റേഷൻ വളപ്പിൽ തൂങ്ങിമരിച്ച നിലയില‍് കണ്ടെത്തിയിരുന്നു. കൈക്കൂലിക്കേസിൽ മേലുദ്യോഗസ്ഥനുവേണ്ടി ബലിയാടാകുന്നുവെന്ന് ആത്മഹത്യാക്കുറിപ്പെഴുതി വച്ചാണ് തോമസ് ആത്മഹത്യ ചെയ്തത് എന്ന് ആക്ഷേപമുണ്ട്.