മദ്യപിച്ച് ബഹളംവച്ചു; യുവാവിന് ക്രൂര മർദനം

മദ്യപിച്ച് ബഹളം വച്ചതിന് യുവാവിന് ബാര്‍ ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം. കോഴിക്കോട് മുക്കം കളന്തോട്ടിലെ ബാറില്‍ വച്ച് ചൊവ്വാഴ്ച രാത്രിയാണ് ഓമശേരി സ്വദേശി പ്രമോദിനെ ജീവനക്കാര്‍ ക്രൂമായി മര്‍ദിച്ചത്. തലയോട് തകര്‍ന്ന പ്രമോദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ് 

മദ്യപിക്കുന്നതിനായാണ് ചൊവ്വാഴ്ച രാത്രി പ്രമോദ് കളന്തോട്ടിലെ ബാറിലെത്തുന്നത്. ഇടക്ക് ജീവനക്കാരുമായി തര്‍ക്കമുണ്ടായി. പുറത്തിറങ്ങുന്നതിനിടെ ചവുട്ടിവീഴ്ത്തി. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരുക്കേറ്റ പ്രമോദിനെ രണ്ടു ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി 

മദ്യപിക്കാനെത്തിയവര്‍ വിവരം നല്‍കിയതനുസരിച്ച് മുക്കത്തെ വാട്സ് ആപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തകരാണ് പ്രോമദിനെ തൊട്ടടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. സ്ഥിതി ഗുരുതമായതിനാല്‍ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. 

അതിനിടെ പ്രമോദിന്റെ വിലകൂടി ഫോണും പഴ്സും ആക്രമണത്തിനിടെ കാണാതായതായും പരാതിയിലുണ്ട്. സംഭവത്തില്‍ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.