കണ്ണൂരിൽ കഞ്ചാവും പണവും മദ്യവും പിടികൂടി

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കണ്ണൂരിലെ ഇരിട്ടി മേഖലയിൽ നടത്തിയ പരിശോധനയിൽ ഒൻപത് കിലോ കഞ്ചാവും, അമ്പത്തിനാല് കുപ്പി മാഹി മദ്യവും ഒന്‍പതര ലക്ഷം രൂപയും പിടിച്ചെടുത്തു. പൊലീസ് എക്സൈസ് വകുപ്പുകളാണ് പരിശോധന നടത്തിയത്. നാലുപേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തു. 

ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എട്ട് ടീമുകളായി തിരിഞ്ഞായിരുന്നു പൊലീസിന്റെ വാഹന പരിശോധന. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന ഇരുപത് ബസുകളാണ് പരിശോധിച്ചത്. കഞ്ചാവുമായി മാട്ടൂൽ സ്വദേശി മുനീർ, കേളകം സ്വദേശി സെബാസ്റ്റ്യൻ, ചൊക്ലി സ്വദേശി ഷക്കീർ എന്നിവരെ പിടികൂടി. കേരള ആർടിസി ബസിൽ രേഖകളില്ലാതെ പണം കടത്തിയ കളറോഡ് സ്വദേശി ഷെഫീറിനെയും പൊലീസ് പിടികൂടി. ഇരിട്ടി തന്തോട് ജംഗ്ഷനിലെ പുഴയോരത്ത് ഒളിപ്പിച്ചു വച്ച നിലയിലാണ് മദ്യ കുപ്പികൾ എക്സൈസ് കണ്ടെടുത്തത്. മാഹിയിൽനിന്നാണ് മദ്യം ഇവിടെ എത്തിച്ചത്. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പൊലീസ്- എക്സൈസ് വകുപ്പുകളുടെ തീരുമാനം.