ബസ് സ്റ്റാന്‍‌‍ഡില്‍ പരസ്യമായി കഞ്ചാവുകച്ചവടം; ഒരാള്‍ അറസ്റ്റില്‍

കഞ്ചാവ് പിടികൂടുന്നത് പതിവാണെങ്കിലും കഞ്ചാവ് നേരിട്ടു കാണാന്‍ ആഗ്രഹിക്കുന്നവരും ഏറെയാണ്. അത്തരമൊരു കാഴ്ചയാണ് പാലക്കാട്ടെ സ്റ്റേഡിയം ബസ് സ്റ്റാന്‍‍ഡില്‍ ഉണ്ടായത്. അപ്രതീക്ഷിതമായി ടൗണ്‍ നോര്‍ത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ ബസ് സ്റ്റാന്‍ഡിലെ പതിവ് കഞ്ചാവ് കച്ചവടക്കാരനെ കൈയ്യോടെ പിടികൂടി. 

നല്ല തിരക്കാണ്. പൊലീസ് ജീപ്പിനു മുന്നിലേക്കായിരുന്നു എല്ലാ കണ്ണുകളും.എന്താണിവിടെ സംഭവിച്ചതെന്ന് കാണാന്‍ പലവഴികളിലുളളവരെല്ലാം ഒാടിയെത്തുന്നു. കണ്ടവര്‍ കണ്ടവര്‍ മടങ്ങുന്നു. കണ്ണുപിടിക്കാതെ പിന്നില്‍ നിന്നവരെല്ലാം മുന്നിേലക്ക് ഇടിച്ചുകയറുന്നു. നന്നേ പണിപെട്ട് മരത്തില്‍ കയറിയവരുമുണ്ട്.പൊലീസ് ജീപ്പിന് മുന്നില്‍ വച്ചിരിക്കുന്ന ഒറിജിനല്‍ കഞ്ചാവും കഞ്ചാവ് വില്‍പ്പനക്കാരനുമാണ് താരം. ആദ്യമായി കഞ്ചാവ് കാണുന്ന ത്രില്ലിലായിരുന്നു ചിലരൊക്കെ. ബസ് കാത്തുനിന്ന സ്ത്രീകളൊക്കെ ക‌‍ഞ്ചാവ് കാണാനെത്തി. തലപ്പൊക്കമില്ലാത്തവര്‍ നന്നേ പാടുപെട്ടു. മൊബൈലില്‍ ദൃശ്യങ്ങള്‍ പകത്തുന്നവരും ബസില്‍ നിന്ന് ആകാംക്ഷയോടെ നോക്കുന്നവരുമൊക്കെ കഞ്ചാവിന്റെ കാഴ്ചയിലായി. കഞ്ചാവൊന്നും വല്യ കാര്യമല്ലെന്ന് ചിന്തിച്ചവരും ഇവിടെയുണ്ടായിരുന്നു. 

നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്റ്റേഡിയം ബസ് സ്ന്റാന്‍ഡ‍ില്‍ കഞ്ചാവ് വില്‍പ്പന നടത്താന്‍ തമിഴ്നാട്ടില്‍ നിന്നും രണ്ടുകിലോ കഞ്ചാവുമായെത്തിയ പല്ലശന കരിപ്പോട് കാഞ്ഞിരക്കോട് വീട്ടില്‍ കൃഷ്ണകുമാറാണ് അറസ്റ്റിലായത്. ടൗൺ നോർത്ത് എസ്്.െഎ. R. രഞ്ജിതിന്റെ നേതൃത്വത്തില്‍ വരും ദിവസങ്ങളിലും പരിശോധന തുടരും.