വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ

വിദേശജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടിയെടുത്ത സംഘം അടിമാലിയിൽ പൊലീസീന്റെ പിടിയിലായി. സ്വകാര്യ ആശുപത്രി ഉടമയും മുൻ വൈദികനും ഉൾപ്പെടെ അഞ്ചുപേരാണ് പിടിയിലായത്. കാനഡ,ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 119പേരിൽ നിന്നാണ് സംഘം പണം തട്ടിയത്. 

ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയുടെ ഉടമ കീപ്പുറത്ത് അഷ്റഫ്, മങ്കുവ സ്വദേശി ബിജു കുര്യാക്കോസ്‌,ആലുവാ സ്വദേശി നോബിള്‍ പോൾ‍,തോപ്രാകുടി സ്വദേശി ബിനു പോൾ‍, കമ്പിളികണ്ടം സ്വദേശി അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. അടിമാലി ലൈബ്രറി റോഡിൽ പ്രവർത്തിക്കുന്ന അക്സാൻ അലൈൻസ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു കോടികളുടെ തട്ടിപ്പ്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് തൊഴില്‍ അന്വേഷകരെ സംഘം കണ്ടെത്തി സ്വാധീനിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 119 പേരാണ് തട്ടിപ്പിനിരയായത്. ഉദ്യോഗാർഥികളെ നേരിട്ട് കാണുന്ന സംഘം ആറുമാസത്തിനകം ജോലി തരപ്പെടുത്തി നൽകാമെന്നും ഉറപ്പു നൽകും. പിന്നീടാണ് പണം തട്ടുന്നത്. ഉദ്യോഗാർഥികളിൽ നിന്ന് പലപ്പോഴായി അമ്പതിനായിരം രൂപ മുതൽ അഞ്ചരലക്ഷം രൂപവരെ തട്ടിയെടുത്തു. സമ്മർദം ചെലുത്തിയ ഉദ്യോഗാർഥികളെ സംഘം കാനഡയിലേക്ക് അയച്ചെങ്കിലും. തൊഴിൽ ലഭിക്കാതെ ഇവരെല്ലാം നാട്ടിൽ തിരിച്ചെത്തി. ഇവരാണ് തട്ടിപ്പിനെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്. 

സംഘത്തിലെ നാല് പേരെകൂടി പിടികൂടാനുണ്ട്. തട്ടിപ്പ്‌ പിടിക്കപ്പെടുമെന്ന സാഹചര്യത്തില്‍ ബംഗ്ലൂരൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്്ഥാപനം കബളിപ്പിച്ചതായി ചൂണ്ടികാട്ടി പ്രതികൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ നിജസ്ഥിതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.