പൊലീസിലും കള്ളൻമാരോ ?

കള്ളൻ കപ്പലിൽതന്നെയെന്നു പറയുന്നതുപോലെ കള്ളൻ പൊലീസിൽതന്നെയെന്ന് പറയേണ്ട ഗതികേടിലാണ് കണ്ണൂർ പൊലീസ്. ഒന്നുകൂടി പറഞ്ഞാൽ വേലി തന്നെ വിളവ് തിന്നുന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനാണ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തിലേക്ക് ചീത്തപ്പേര് കേൾപ്പിക്കുന്നത്. സമീപകാലത്ത് ഇവിടുത്തെ എട്ട് പൊലീസുകാരാണ് വകുപ്പ് തല നടപടിക്ക്  വിധേയമായത്.  

തളിപ്പറമ്പിലെത്തിയ തമിഴ്നാട്ടുകാരനായ പൊലീസുകാരനെ മർദിച്ച എഎസ്ഐയ്ക്ക് ലഭിച്ചത് സ്ഥലംമാറ്റം.തിയറ്ററിൽ നിലത്ത് വീണ് കിടന്ന പേഴ്സ് മോഷ്'ടിച്ച പൊലീസുകാരന്  സസ്പെൻഷൻ. ആത്മഹത്യാ കേസിൽ വീഴ്ചവരുത്തിയ അഡീഷണൽ എസ്ഐക്കും സസ്പെൻഷൻ. ഇപ്പോഴിതാ മണൽ ലോറി വിറ്റതിന് അഞ്ചുപേരെ കൂട്ടത്തോടെ ജില്ലാ പൊലീസ് മേധാവി  അന്വേഷണ വിധേയമായി മാറ്റി നിറുത്തിയിരിക്കുന്നു. 

പൊലീസുകാരുടെ ലോറി വിൽപന

ഈ മാസം മൂന്നാം തീയതി രാത്രിയാണ് സംഭവം. പരിശോധനയ്ക്കിറങ്ങിയ പൊലിസുകാർ പട്ടുവത്ത് വെച്ചാണ്  മണൽ ലോറി കാണുന്നത്. വിവരം സ്റ്റേഷനിലേക്ക് കൈമാറി. എഎസ്ഐയും മറ്റൊരു പൊലീസുകാരനും കൂടി സ്ഥലത്തേക്ക് തിരിച്ചു. പൊലീസ് പിന്നാലെ വരുന്നത്  മനസിലാക്കിയ ഡ്രൈവർ മണൽ ലോറി ഉപേക്ഷിച്ച് ഓടി. പിന്നാലെ ഓടി മടുത്ത്  തിരികെയെത്തിയ പൊലീസുകാർ കാണുന്നത്  ലോറി കത്തുന്നതാണ്. 

ലോറി കത്തി നശിക്കുന്നത് കണ്ടിട്ടും ഫയർഫോഴ്സിനെ വിളിക്കാതിരുന്നത് പൊലീസുകാർക്കിടയിൽ തന്നെ സംശയത്തിന് ഇടനൽകിയിട്ടുണ്ട്.  ഇതാണ് ലോറി പിടിക്കാൻ പോയ പൊലീസുകാർ തന്നെ ലോറിക്ക് തീയിട്ടുവെന്ന് സേനയ്ക്കുള്ളിലും നാട്ടുകാർക്കിടയിലും സംസാരം ഉയരാൻ ഇടയാക്കിയത്.  പുലർച്ചെ മൂന്നരമണിയോടെയായിരുന്നു സംഭവം. തീ അണഞ്ഞതോടെ പൊലീസുകാർ സ്ഥലം കാലിയാക്കി. 

മൂന്ന് ദിവസം കഴിഞ്ഞാണ് ഖലാസികളുടെ സഹായത്താൽ ആരോപണ വിധേയരായ പൊലീസുകാർ ലോറി കുപ്പത്തെ ആക്രിക്കടയിലെത്തിച്ചത്. ഇതിനിടയിൽ മോഷ്ണവിവരം മേലുദ്യോഗസ്ഥന്റെ കാതിലെത്തി. ആക്രികടയിൽനിന്ന് ലോറി സ്റ്റേഷനിലെത്തിച്ചു. സംഭവം ഐജിയും എസ്പിയും അറിഞ്ഞു. അന്വേഷിക്കാൻ തളിപ്പറമ്പ് ഡിവൈഎസ്പിയെയും  ചുമതലപ്പെടുത്തി. 

അന്വേഷണം

എഎസ്ഐ ഉൾപ്പടെ അഞ്ച് പൊലീസുകാർ വീഴ്ചവരുത്തിയെന്നായിരുന്നു ഡിവൈഎസ്പിയുടെ പ്രാഥമിക റിപ്പോർട്ട്. ലോറി കത്തിയ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചില്ല. കേസെടുക്കാതെ സംഭവം മറച്ചുവെച്ചു. തൊണ്ടിമുതൽ മറിച്ച് വിറ്റു. തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ലോറി പൊലീസുകാർ തന്നെയാണ് ആക്രിക്കടയിലെത്തിച്ചതെന്ന് കടയുടമയും മൊഴി നൽകിയിട്ടുണ്ട്. 

ആരോപണങ്ങൾ

മണൽ ലോറി കത്തിയ സംഭവം രാത്രിതന്നെ എസ്ഐയെ അറിയിച്ചിരുന്നുവെന്നാണ് നടപടിക്ക് വിധേയനായ എഎസ്ഐയുടെ നിലപാട്. പിറ്റേന്ന് ഇയാൾ സ്യൂട്ടി ഓഫുമായിരുന്നു. ലോറി പിടിക്കാൻ ഒപ്പമുണ്ടായിരുന്ന പൊലീസ് ജീപ്പിലെ ഡ്രൈവർമാരാണ് വാഹനം ആക്രിക്കടയിലെത്തിച്ചതെന്നും പറയപ്പെടുന്നു. യുഡിഎഫ് അനുകൂല പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായിരുന്നു എഎസ്ഐ. പൊലീസുകാർക്കിടയിലെ രാഷ്ട്രീയ താൽപര്യങ്ങളും നടപടിക്ക് കാരണമായെന്നും ആരോപണമുണ്ട്. 

മോഷ്ണ പാരമ്പര്യം 

അപകടത്തിൽപ്പെട്ട് സ്റ്റേഷനിലെത്തിയ രണ്ട് ബൈക്കുകൾ വിറ്റ പൊലീസുകാരനും തളിപ്പറമ്പിലുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് നടന്ന ബൈക്ക് മോഷണം പൊലീസ് സ്റ്റേഷനുവേണ്ടിയായിരുന്നുവെന്ന് മാത്രം. വിറ്റ് കിട്ടിയ പണംകൊണ്ട് സ്റ്റേഷനിലേക്ക് പുത്തൻ ടിവിയാണ് അന്ന് ആ പൊലീസുകാരൻ വാങ്ങിയത്. 

ഡിവൈഎസ്പി ഓഫിസും സർക്കിൾ ഇൻസ്പെക്ടർ ഓഫിസും പൊലീസ് സ്റ്റേഷനും ഒരേ മതിൽ കെട്ടിനുളളിലാണ്. പൊലീസുകാർക്കിടയിലെ സ്വരചേർച്ചയില്ലായ്മയും പ്രശ്നങ്ങളുടെ ആഴം വർധിപ്പിക്കുന്നു.  സമഗ്രമായ അഴിച്ചുപണിതന്നെ സ്റ്റേഷനുള്ളിൽ വേണമെന്ന് ഉദ്യോഗസ്ഥർ തന്നെ പറയാതെ പറയുന്നു.