‘വോട്ട് ചെയ്യാതെ ജനാധിപത്യത്തെ അവഹേളിച്ചു’; രാജീവ് ചന്ദ്രശേഖറിന് വിമര്‍ശനം

തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാതിരുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. രാജീവ് വോട്ട് രേഖപ്പെടുത്താത് ചൂണ്ടികാട്ടി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയാണ് മന്ത്രി. വേണമെങ്കില്‍ ഹെലികോപ്റ്ററില്‍ പോയി വോട്ട് രേഖപ്പെടുത്തി വരാന്‍ സാധ്യതകളുള്ള ആളാണ് രാജീവെന്നും വോട്ട് ചെയ്യാതിരുന്നത് ജനാധിപത്യ പ്രക്രിയയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

കുറിപ്പിന്‍റെ പൂര്‍ണരൂപം; 

തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാതിരുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്.   വേണമെങ്കിൽ ഹെലികോപ്റ്ററിൽ പോയി വോട്ട് ചെയ്ത് തിരിച്ചുവരാനുള്ള സാധ്യത പോലും ഉള്ള ആളാണ് അദ്ദേഹം.

വോട്ടിംഗിൽ നിന്ന് വിട്ടുനിൽക്കാനുള്ള രാജീവ്‌ ചന്ദ്രശേഖറിന്‍റെ തീരുമാനം ജനാധിപത്യ പ്രക്രിയയെ അപമാനിക്കലാണ്. വോട്ട് ചെയ്യുന്നത് മൗലികാവകാശം മാത്രമല്ല, എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തം കൂടിയാണ്. വോട്ട് ചെയ്യുന്നില്ലെന്ന് തീരുമാനിക്കുന്നതിലൂടെ, രാജീവ് ചന്ദ്രശേഖറിന്‍റെ പ്രവർത്തനങ്ങൾ ജനാധിപത്യ തത്വങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയെയും വോട്ടർമാരോടുള്ള ഉത്തരവാദിത്തത്തെയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

തലസ്ഥാനത്തെ എൻഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖറിന് വോട്ട് ബംഗളൂരുവിലായിരുന്നു. അവിടെയും വോട്ടെടുപ്പ് നടന്നത് ഇന്നായിരുന്നു. എന്നാല്‍ അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. 

Enter AMP Embedded Script