സ്വന്തം പേരിനുനേരെ വോട്ടുകുത്താന്‍ കഴിയാത്ത സ്ഥാനാര്‍ഥികള്‍! വോട്ടെടുപ്പു ദിനത്തിൽ നെട്ടോട്ടം....

കടുത്ത പോരാട്ടത്തിലാണെങ്കിലും സ്വന്തം പേരിനു നേരെ വോട്ടുകുത്താന്‍ കഴിയാത്ത സ്ഥാനാര്‍ഥികള്‍ ഏറെയാണ്. പലരും മല്‍സരിക്കുന്ന മണ്ഡലത്തില്‍ അതിഥികളാണ്. അതുകൊണ്ടുതന്നെ വോട്ടെടുപ്പു ദിനത്തിലും ഇവരെല്ലാം നെട്ടോട്ടത്തില്‍ തന്നെ... 

നിശബ്ദ പ്രചരണം നേരത്തേ ഒതുക്കി നാട്ടിലേയ്ക്ക് വണ്ടികയറുന്ന തിരക്കിലാണ് ചില സ്ഥാനാര്‍ഥികള്‍. കാരണം മല്‍സരിക്കുന്ന മണ്ഡലത്തിലല്ല വോട്ട് എന്നതുതന്നെ. തലസ്ഥാനത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ കണ്ണൂര്‍ക്ക് വണ്ടി കയറും. വോട്ട് ചെയ്ത് നാളെ വേഗത്തില്‍ മടങ്ങിയെത്തും. എന്നാല്‍ യാത്ര വന്ദേഭാരതിലായതുകൊണ്ട് ഇക്കാര്യമൊട്ട് ഉറക്കെ പറയാനും വയ്യ. 

തിരുവനന്തപുരത്തെ മറ്റൊരു സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് വോട്ട് ബംഗളൂരു സൗത്തിലാണ്. അവിടെയും വോട്ടെടുപ്പ് നാളെത്തന്നെ. അതിനാല്‍ ഇക്കുറി വോട്ടു ചെയ്യണ്ട എന്നാണ് തീരുമാനം. പതിവായി തിരുവനന്തപുരത്ത് വോട്ടിടാറുള്ള സുരേഷ് ഗോപിക്ക് ഇക്കുറി തൃശൂരില്‍ സ്വന്തം പേരിന് നേരെ കുത്താം. വോട്ട് അവിടേക്ക് മാറ്റിയിരുന്നു. എന്നാല്‍ തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ തിരുവനന്തപുരത്തേക്ക് വരേണ്ടി വരും. ഇന്ന് രാത്രി വട്ടിയൂര്‍ക്കാവിന് തിരിക്കുന്ന മുരളി രാവിലത്തെ വിമാനത്തില്‍ തിരിച്ച് തൃശൂരിലെത്തും.

അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് അടൂരില്‍ പോയി വോട്ടിടും. വി മുരളീധരന് വോട്ട് തിരുവനന്തപുരത്ത്. പത്തനംതിട്ടയില്‍ നിന്ന് തോമസ് ഐസക്കിനും അനില്‍ ആന്‍റണിക്കും വോട്ടിടണമെങ്കില്‍ തിരുവനന്തപുരത്തെത്തണം. എകെ ആന്‍റണിക്കൊപ്പം പതിവായി ജഗതി സ്കൂളില്‍ വോട്ട് ചെയ്യാനെത്താറുണ്ടായിരുന്ന അനിലിന്‍റെ പഴയ ദൃശ്യങ്ങള്‍ നാളെ എല്ലാവരും ഓര്‍ക്കും. 

കൊല്ലത്ത് മല്‍സരിക്കാനെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി ജി കൃഷ്ണകുമാറിന്‍റെ ഇല്ലം തിരുവനന്തപുരത്താണ്. കോട്ടയത്തിറങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയില്‍ പോയി വോട്ടിടും. ഫ്രാന്‍സിസ് ജോര്‍ജിന് മൂവാറ്റുപുഴയിലാണ് വോട്ട്. ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന് വോട്ട് തൃശൂരില്‍. പാലക്കാട്ട് നിന്ന് വിജയരാഘവന്‍ സമ്മദിദാനം രേഖപ്പെടുത്താന്‍ തൃശൂര്‍ക്കും വടകരയില്‍ നിന്ന് ഷാഫ് പറമ്പില്‍ പാലക്കാട്ടേക്കും പോകും. ആലത്തൂരിലാണ് ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍റെ വോട്ട്. വയനാട്ടിലെ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് വോട്ട് കോഴിക്കോടാണ്. ആനി രാജക്കും രാഹുല്‍ ഗാന്ധിക്കും ഡല്‍ഹിയിലും. അവിടെ ആറാം ഘട്ടത്തിലാണ് വോട്ടെടുപ്പ് എന്നത് ആനി രാജക്ക് സഹായമായി. രാവിലെതന്നെ വോട്ടിട്ട് മണ്ഡലത്തില്‍ മടങ്ങിയെത്താനാണ് മിക്കവരുടെയും പ്ലാന്‍. 

Candidates who cannot vote for their own names 

Enter AMP Embedded Script