തപാല്‍ വകുപ്പ് ജീവനക്കാരിയുടെ അലംഭാവം; യുവാവിന് ജോലി നഷ്ടമായി; ചോദ്യം ചെയ്തപ്പോള്‍ വെല്ലുവിളി

linto
SHARE

തപാല്‍ വകുപ്പ് ജീവനക്കാരിയുടെ അലംഭാവം മൂലം ജോലി നഷ്ടമായ വേദനയില്‍ യുവാവ്. കാഴ്ചാ പരിമിതിക്കും സാമ്പത്തിക പ്രാരബ്ധങ്ങള്‍ക്കുമിടയില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ അശ്രാന്തശ്രമം നടത്തുന്ന ലിന്‍റോയ്ക്കാണ് ഈ ദുര്‍ഗതി വന്നത്. കട്ടപ്പന വെള്ളയാംകുടിയിലെ വട്ടക്കാട്ട് ലിന്റോ തോമസ് (32) ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. പോസ്റ്റ് ഓഫിസ് ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് കയ്യകലത്തെത്തിയ ജോലി തനിക്ക് നഷ്ടമായതെന്നാണ് ലിന്‍റോ ആരോപിക്കുന്നത്.

ഒരു സ്കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള അഭിമുഖത്തിനുള്ള അറിയിപ്പ് തപാല്‍ വഴി ലിന്റോയ്ക്കു അയച്ചിരുന്നു. എന്നാല്‍ അഭിമുഖം നടന്നതിനു ശേഷമാണ് ഈ അറിയിപ്പ് പോലും ലിന്‍റോയ്ക്കെത്തിയത്. ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ക്കു ചെയ്യാന്‍ പറ്റുന്നത് ചെയ്‌തോളൂ’ എന്ന് വെല്ലുവിളിക്കുകയായിരുന്നു തപാല്‍ വകുപ്പിലെ ജീവനക്കാരി ചെയ്തതെന്നും ലിന്റോ പറയുന്നു. ആ ജോലിയിൽ ലിന്റോയ്ക്ക് പകരം മറ്റൊരാൾ കയറുകയും ചെയ്തു.

‘പുളിന്താനം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് അനധ്യാപക തസ്‍തികയിലെ നിയമനത്തിനുള്ള ഇന്റർവ്യു കാർഡ് മാർച്ച് 18 ന് പോസ്റ്റ് ഓഫിസിൽ എത്തി. 23–ാം തീയതിയായിരുന്നു ഇന്റർവ്യൂ. എന്നാൽ കാർഡ് ലഭിച്ചത് 28 ന്. അന്നുതന്നെ സ്കൂളിലെത്തി, സംഭവിച്ചത് എഴുതിക്കൊടുത്തു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും വിഷയം അറിയിച്ചു. തപാൽ വകുപ്പിനും കലക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. അന്വേഷിക്കാമെന്നു മാത്രമായിരുന്നു തപാൽ വകുപ്പിൽനിന്നു കിട്ടിയ മറുപടി’– ലിന്‍റോ പറയുന്നു.

തുടർന്ന് തപാല്‍ ഓഫിസിന് മുന്നിലിരുന്നു സമരം ചെയ്ത ലിന്റോയെ പൊലീസ് അടക്കം ഇടപെട്ടു സമാധാനിപ്പിച്ചതോടെ സമരത്തിൽനിന്നു താൽക്കാലികമായി പിന്മാറി. എന്നാൽ തപാല്‍ ഓഫിസ് ജീവനക്കാരിയുടെ അശ്രദ്ധ മൂലമാണ് ജോലി നഷ്ടമായതെന്നും തനിക്കു നീതി വേണമെന്നുമാണ് ലിന്റോയുടെ ആവശ്യം. നീതി ലഭിച്ചില്ലെങ്കിൽ മരണം വരെ അതിനു വേണ്ടി ശ്രമിക്കുമെന്നും ലിന്റോ പറഞ്ഞു. തന്റെ ഫോൺ നമ്പർ ഇല്ലാതിരുന്നതു മൂലമാണ് കത്ത് കൈമാറാൻ താമസിച്ചതെന്ന പോസ്റ്റ് മാസ്റ്ററുടെ വാദം ശരിയല്ലെന്നും ലിന്റോ പറയുന്നു.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന, ശാരീരിക പരിമിതികളുള്ള വ്യക്തിയാണ് ലിന്റോ. 40 ശതമാനത്തോളം കാഴ്ചാ പരിമിതിയുണ്ട്. കാൻസർ ബാധിച്ച് മാതാപിതാക്കൾ മരിച്ചു. മാതാപിതാക്കളുടെ ചികിത്സയ്ക്കായി വീടും സ്ഥലവും വിറ്റ‌തോടെ സാമ്പത്തികമായി തകർന്നു. ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്. പത്തുലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്. ജോലി കിട്ടി ഒരു വീടു വാങ്ങണമെന്നതാണ് ഈ ചെറുപ്പക്കാരന്റെ സ്വപ്നം. ആ സ്വപ്നത്തിലേക്കുള്ള നുറുങ്ങുവെളിച്ചമാണ് ഇപ്പോള്‍ കയ്യെത്തും ദൂരത്ത് നിന്ന് നഷ്ടമായിരിക്കുന്നത്.

Interview card hold at post office; Man lost job.

MORE IN KERALA
SHOW MORE