‘അവന് നല്ല മനക്കരുത്താണ്; ഹാഷിം ആത്മഹത്യ ചെയ്യില്ല’; പിതാവ്

പത്തനംതിട്ട അടൂരിൽ അപകടത്തില്‍ മരിച്ച ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ഹക്കിം. ഇന്നലെ വൈകിട്ട് ഫോണ്‍ കോള്‍ വന്നതിനുശേഷമാണ് വീട്ടില്‍ നിന്ന് പോയത്. മകന്‍ നല്ല മനക്കരുത്തുള്ള ആളാണ്. ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഹാഷിമിന് ഒപ്പം അപകടത്തില്‍ മരിച്ച അനുജയെ അറിയില്ലെന്നും ഹക്കിം പറഞ്ഞു.

‘അവന്  ജീവിതത്തില്‍ ആത്മഹത്യയെ പറ്റി ചിന്തിക്കാന്‍ കഴിയില്ല, അത്ര മനക്കരുത്തുള്ള പയ്യനാണ്, എല്ലാവര്‍ക്കും വലിയ കാര്യമാണ് അവനെ. ആര്‍ക്ക് എന്ത് ആപത്ത് വന്നാലും അവരെ സഹായിക്കാന്‍ മുന്‍പന്തിയില്‍ ചെന്ന് നില്‍ക്കും. ഹാഷിം വൈകിട്ട് വീട്ടില്‍ വന്ന് അമ്മയുടെ കയ്യില്‍ നിന്ന് ചായ വാങ്ങി കുടിച്ചു. കട്ടിലില്‍ കയറി കിടന്നു. അപ്പോഴാണ് ഫോണ്‍ വരുന്നത്. പിന്നാലെ എഴുനേറ്റ് ഇറങ്ങി പോകുകയായിരുന്നു. എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോള്‍ തിരികെ വന്നശേഷം വിവരം പറയാം എന്ന് പറഞ്ഞിരുന്നതായും പിതാവ് പറയുന്നു. പിന്നീട് അപകടം നടന്ന വാര്‍ത്തയാണ് അറിയുന്നത്. അനുജയെ അറിയില്ലെന്നും, യാതൊരു പരിചയവും ഇല്ലെന്നും പിതാവ് ഹക്കീം പറഞ്ഞു.

ചാരുംമൂട് സ്വദേശി സ്വകാര്യ ബസ് ഡ്രൈവർ ഹാഷിമും ആലപ്പുഴ ജില്ലയിലെ മറ്റപ്പള്ളി സ്വദേശിനിയായ അധ്യാപിക അനുജ രവീന്ദ്രനുമാണ് ഇന്നലെ നടന്ന അപകടത്തില്‍ മരിച്ചത്. തുമ്പമൺ നോർത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് അനുജ. സഹ അധ്യാപകർക്ക് ഒപ്പം വിനോദയാത്ര കഴിഞ്ഞു വന്ന വാഹനത്തിൽ നിന്നാണ് കുളക്കടയിൽ വാഹനം തടഞ്ഞ് അനുജയെ ഹാഷിം ബലമായി കൂട്ടിക്കൊണ്ടുപോയത്. പത്തുമണിക്ക് പട്ടാഴി മുക്കിനു വെച്ച് ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി. അപകടം ആസൂത്രിതമെന്നാണ് നിഗനമം. 

Enter AMP Embedded Script