അട്ടപ്പാടിയിലെ ആദിവാസികളുടെ പരമ്പരാഗത സ്വത്ത് തട്ടിയെടുക്കാൻ ശ്രമമെന്ന് പരാതി

അട്ടപ്പാടി ഷോളയൂർ മരപ്പാലത്ത് ആദിവാസികളുടെ പരമ്പരാഗത സ്വത്ത് തട്ടിയെടുക്കാൻ ശ്രമം നടക്കുന്നതായി പരാതി. അന്വേഷണം ആവശ്യപ്പെട്ട് ഷോളയൂര്‍ സ്വദേശികളായ ദിവ്യ, ലക്ഷ്മി, രാമന്‍ എന്നിവര്‍ അഗളി ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രത്യേക സംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ആക്ഷേപം. 

തലമുറകളായി കൈവശം വച്ചനുഭവിക്കുന്ന ഭൂമിയാണിതെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഇത് തെളിയിക്കുന്ന മുഴുവന്‍ രേഖകളും കൈവശമുണ്ട്. ഇവരുടെ മുത്തശ്ശി നട്ടുവളർത്തിയ പച്ചമരുന്ന് ചെടികളും മരങ്ങളും രാത്രിയിൽ അജ്ഞാതർ വെട്ടി നശിപ്പിച്ചതായും പറയുന്നു. കഴിഞ്ഞ ഒന്നാം തീയതി കാറിലെത്തിയ സംഘം ഇവരുടെ ഫോട്ടോയെടുക്കുകയും ചോദ്യം ചെയ്തപ്പോൾ അസഭ്യം പറഞ്ഞുവെന്നും പരാതിയിലുണ്ട്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചിലര്‍ നടപ്പാക്കുന്ന ബോധപൂര്‍വമായ കൈയേറ്റമെന്നാണ് ആക്ഷേപം. 

അട്ടപ്പാടിയിലെ വിവിധ മേഖലകളില്‍ ആദിവാസി ഭൂമി തട്ടിയെടുക്കാനുള്ള വ്യാപക ശ്രമമെന്ന് ഇതിനകം റവന്യൂ മന്ത്രി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ഇതിനായി ഉദ്യോഗസ്ഥരില്‍ ചിലരുടെ പിന്തുണയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭീഷണിപ്പെടുത്തിയുള്ള കൈയേറ്റമെന്ന പരാതി വിശദമായി പരിശോധിക്കുമെന്ന് അഗളി ഡിവൈഎസ്പി വ്യക്തമാക്കി.

Enter AMP Embedded Script