സഞ്ജയ് നിരുപമിന്‍റെ വരവ് ഉദ്ധവ് വിഭാഗത്തിന് വെല്ലുവിളിയാകുമോ?

കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ സഞ്ജയ് നിരുപം മല്‍സരിക്കുമെന്ന് കരുതുന്ന മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ശിവസേന ഷിന്‍ഡെ പക്ഷത്തിന്‍റെയോ ബിജെപിയുടെയോ ടിക്കറ്റില്‍ നിരുപം കളത്തിലിറങ്ങുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കോണ്‍ഗ്രസിലെ മുന്‍ തിരുത്തല്‍വാദിയായ സഞ്ജയ് നിരുപമിന്‍റെ വരവ്, ഉദ്ധവ് വിഭാഗം ശിവസേനയ്ക്ക് കനത്ത വെല്ലുവിളിയാകും.

ജനങ്ങളെ അറിയുന്ന പ്രവര്‍ത്തകരുമായി അടുപ്പമുള്ള മുംബൈയിലെ തീപ്പൊരി നേതാവ്. അങ്ങനെയുള്ള സഞ്ജയ് നിരുപം പാര്‍ട്ടി വിടുന്ന ഘട്ടത്തില്‍ നടത്തിയ വിമര്‍ശനം ഏറെ ചര്‍ച്ചയായി. കോണ്‍ഗ്രസ് അഞ്ച് ശക്തികള്‍ക്കും ചുറ്റും കറങ്ങുകയാണെന്നും അതിലൊരു ശക്തിയായ കെ.സി.വേണുഗോപാലിന് ഇംഗ്ലിഷും ഹിന്ദിയും കൈകാര്യം ചെയ്യാന്‍ പ്രാപ്തിയില്ലെന്നും ആയിരുന്നു പരിഹാസം.

ബാല്‍ താക്കറെയുടെ കളരിയിലാണ് സഞ്ജയ് രാഷ്ട്രീയം പഠിച്ചത്. മാധ്യമപ്രവര്‍ത്തനം ആഗ്രഹിച്ച് ബിഹാറില്‍ നിന്നും എത്തിയ നിരുപം ശിവസേനയുടെ ഹിന്ദി മുഖപത്രത്തിന്‍റെ എഡിറ്ററായി പേരെടുത്തു. 2005 വരെ ഒന്‍പതുവര്‍ഷം രാജ്യസഭാംഗം. വൈകാതെ കൂടുമാറിയ നിരുപം 2009ല്‍ മുംബൈ നോര്‍ത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു. മുംബൈ റീജിണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ പദവി ഒഴിഞ്ഞതിന് ശേഷം ഏഴുവര്‍ഷമായി പദവികളൊന്നും കിട്ടാത്തതില്‍ നിരാശനായിരുന്നു. മുംബൈ നോര്‍ത്ത് വെസ്റ്റില്‍ നിന്നും കഴിഞ്ഞ തവണ തോറ്റതിന് പിന്നാലെ പാര്‍ട്ടിയിലെ തിരുത്തല്‍വാദി എന്ന ഇമേജിലേക്ക് മാറി. ഈ സീറ്റ് ഇത്തവണ ഉദ്ധവ് സേനയ്ക്ക് നല്‍കിയതോടെയാണ് രോഷം അണപൊട്ടിയത്. അതുകൊണ്ടുതന്നെ നോര്‍ത്ത് വെസ്റ്റ് വിട്ടൊരു കളിയില്ല. പഴയ താവളമായ ശിവസേനയിലേക്ക് മടങ്ങുമോ? അതോ ബിജെപിയിലേക്കോ? ഉത്തരം എന്തായാലും ഉദ്ധവ് സേനയിലെ അമോല്‍ കീര്‍ത്തികറിന് കടുത്ത വെല്ലുവിളിയാകും നിരുപം ഉയര്‍ത്തുക എന്ന് വ്യക്തം.