കേരള ബാങ്കിന് ലീഗില്‍ നിന്ന് ഭരണസമിതി അംഗം; തര്‍ക്കവും ഭിന്നതയും രൂക്ഷം

kerala-bank
SHARE

മുസ്‍ലിം ലീഗ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എംഎല്‍എയെ കേരള ബാങ്ക് ഭരണസമിതി അംഗമാക്കിയതിനെചൊല്ലി വിടാതെ തര്‍ക്കവും ഭിന്നതയും. തനിക്കെതിരെ ആക്ഷേപം ഉന്നയിച്ച യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹന് മറുപടിയുമായി പി.അബ്ദുൽ ഹമീദ് എംഎല്‍എ രംഗത്തെത്തി. മുസ്‍ലിം ലീഗ് കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തതിന്‍റെ യഥാര്‍ഥ വസ്തുതകള്‍ മനസിലാക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതോടെ പി. അബ്ദുല്‍ ഹമീദിനെ പദവിയില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് ഉറപ്പായി.

യുഡിഎഫ് ചെയർമാൻ പി.ടി. അജയ്മോഹൻ തനിക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമെന്നാണ് പി. അബ്ദുൽ ഹമീദിന്‍റെ മറുപടി. പട്ടിക്കാട് സഹകരണ ബാങ്ക് വക്കാലത്ത് ഒപ്പിട്ടു കൊടുത്തിട്ടുണ്ട്, പണവും നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എല്ലാ നിലക്കും താനും സഹകരിച്ചു വരികയാണ്. കേരള ബാങ്കുമായുളള കേസിന്‍റെ നടത്തിപ്പിന് വേണ്ടി യുഡിഎഫ് പിരിച്ചെടുത്ത തുകയുടെ കണക്ക് ബോധ്യപ്പെടുത്തണമെന്നും പി. അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു. പി.ടി അജയ്മോഹന്‍റെ പ്രതിഷേധം അനവസരത്തിലായിപ്പോയെന്ന് യുഡിഎഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ പറഞ്ഞു.

സിപിഎം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സഹകരണ സ്ഥാപനങ്ങളുളള മുസ്‌ലീം ലീഗിന്‍റെ പ്രതിനിധി കേരള ബാങ്ക് ഭരണസമിതി അംഗമാവേണ്ടതിന്‍റെ ആവശ്യകത പരിശോധിച്ചാല്‍ മനസിലാവുമെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം വിവാദമായതോടെ പ്രതിപക്ഷനേതാവ് വിഡി സതീശനുമായും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസനുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. പി. അബ്ദുല്‍ ഹമീദിനെ കേരള ബാങ്ക് ഡയറക്ടറാക്കിയ തീരുമാനത്തില്‍ നിന്ന് ലീഗ് പിന്നോട്ടു പോവില്ലെന്നാണ് സൂചന. 

MORE IN KERALA
SHOW MORE