'ശിവശക്തി പോയിന്റ് എന്ന പേര് മതേതരമല്ലെന്ന വാദം ചിന്താഗതിയുടെ പ്രശ്നം'

isro
SHARE

ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേര് നല്‍കിയത് മതേതരമല്ലെന്ന വാദം ചിന്താഗതിയുടെ പ്രശ്നമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.എസ്.സോമനാഥ്. ദൗത്യത്തിനായി പരിശ്രമിച്ച സ്ത്രീപുരുഷന്‍മാരെയെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ത്യന്‍ നാമം നല്‍കിയതെന്നും ഡോ.എസ്.സോമനാഥ് പറഞ്ഞു. ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെയായിരുന്നു ഐ.എസ്.ആര്‍.ഒ ചെയര്‍മാന്റെ മറുപടി.

കൊച്ചിയില്‍ വിക്രം സാരാഭായി സയന്‍സ് ഫൗണ്ടേഷന്‍റെ കോണ്‍ക്ലേവ് വേദിയെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചുള്ള അണമുറിയാത്ത ചോദ്യങ്ങള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍ സമ്പന്നമാക്കി. ചന്ദ്രയാന്‍ മൂന്നിന്റെ അനുഭവങ്ങള്‍ക്കൊപ്പം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടത് രാജ്യത്തിന്റെ മതേതരത്വത്തിന് ചേര്‍ന്നതാണോയെന്ന ചോദ്യം ഡോ.എസ്.സോമനാഥിനെ ചൊടിപ്പിച്ചു. രൂക്ഷമായ ഭാഷയിലായിരുന്നു മറുപടി.

ഗഗന്‍യാന്‍, വ്യോംമിത്ര, ബഹിരാകാശ അവശിഷ്ടങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങള്‍, ആദ്യകാലത്തെ തുടര്‍ച്ചയായ പരാജയങ്ങള്‍, ഐ.എസ്.ആര്‍.ഒയുടെ കരുത്ത് എല്ലാത്തിനെക്കുറിച്ചും വിദ്യാര്‍ഥികളുമായി ഡോ.എസ്.സോമനാഥ് സംവദിച്ചു. എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് സംവാദത്തില്‍ പങ്കെടുത്തത്.

isro chairman discussion with students

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

MORE IN KERALA
SHOW MORE