സഹയാത്രികര്‍ സീറ്റ് ബെല്‍റ്റിടുന്നില്ല; എ.ഐ ക്യാമറയില്‍ പണി കിട്ടുന്നത് കാറുകള്‍ക്ക്

ai-camera-3
SHARE

എ.ഐ ക്യാമറയില്‍ ഏറ്റവും കൂടുതല്‍ കുടുങ്ങുന്നത് കാറുകള്‍. അതും ഡ്രൈവറുടെ തെറ്റുകൊണ്ടല്ല, സഹയാത്രികന്റെ പിഴവുകൊണ്ടും. ക്യാമറകള്‍ പിഴയീടാക്കിത്തുടങ്ങി അഞ്ച് ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്പോളാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇതുവരെ 3,52 730 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 19820 നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കാനുള്ള അന്തിമ അനുമതി മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയത്. അതില്‍ ഉള്‍പ്പെട്ട നിയമലംഘനങ്ങള്‍ വിശദമായി പരിശോധിക്കുമ്പോഴാണ് പിടിക്കപ്പെടുന്നവരുടെ വിശദവിവരം ലഭിക്കുന്നത്.

ഇതുവരെ ഏറ്റവും കൂടുതല്‍ പിടികൂടിയ നിയമലംഘനം കാറുകളിലെ മുന്‍സീറ്റില്‍ സഹയാത്രക്കാരന്‍ സീറ്റ് ബെല്‍റ്റിടാതെ ഇരുന്നതാണ്. ഇത്തരത്തിലുള്ള 7896 നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കാന്‍ തീരുമാനിച്ചത്. സീറ്റ് ബെല്‍റ്റ് ഇടാതെ പിടിയിലായ ഡ്രൈവര്‍മാരുടെയെണ്ണം ഇതിലും കുറവാണ്. 4993 മാത്രം. രണ്ടാം സ്ഥാനത്തുള്ള നിയമലംഘനം ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചതാണ്, 6153. ബൈക്കിന്റെ പിന്നില്‍ ഹെല്‍മറ്റ് വെക്കാതിരുന്ന് 715 പേരും പിടിയിലായിട്ടുണ്ട്.

അമിതവേഗത്തിന് ഇതുവരെ വെറും 2 പേര്‍ക്ക് മാത്രമേ പിഴയീടാക്കിയിട്ടുള്ളു. വാഹനങ്ങളെല്ലാം വേഗം കുറച്ച് പോയതുകൊണ്ടല്ല. 726 എ.ഐ ക്യാമറകളില്‍ വെറും 8 എണ്ണം മാത്രമാണ് അമിതവേഗം പിടികൂടാനുള്ളത്. ഇതില്‍ നാലെണ്ണം പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അപ്പോള്‍ േവഗം പിടികൂടാനുള്ളത് വെറും 4 ക്യാമറ മാത്രം. അതില്‍ തന്നെ കണ്ടെത്തിയതില്‍ 2 എണ്ണം മാത്രമേ പിഴയീടാക്കാന്‍ മാത്രം തെറ്റുള്ള നിയമലംഘനമായി മോട്ടോര്‍ വാഹനവകുപ്പ് വിലയിരുത്തിയത്.ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ച് കുടുങ്ങുന്നവരുടെയെണ്ണവും കുറഞ്ഞിട്ടുണ്ട്. വെറും 25 പേരെയാണ് ഇതുവരെ പിടിച്ചിട്ടുള്ളത്.

MORE IN KERALA
SHOW MORE