നിയമസഭ ജീവനക്കാര്‍ക്കും എം.എല്‍എമാരുടെ പി.എമാര്‍ക്കും ഒാവര്‍ടൈം അലവന്‍സ് അനുവദിച്ച് ധനവകുപ്പ്

സാമ്പത്തിക പ്രതിസന്ധിക്കിടയിലും നിയമസഭ ജീവനക്കാര്‍ക്കും എം.എല്‍എമാരുടെ പി.എമാര്‍ക്കും ഒാവര്‍ടൈം അലവന്‍സ് അനുവദിച്ച് ധനവകുപ്പ്. 50 ലക്ഷം രൂപയാണ് ഇതിനായി നല്‍കിയിരിക്കുന്നത്. സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍പോലും മുടങ്ങിയിരിക്കുന്നതിനിടെയാണ് സര്‍ക്കാരിന്‍റെ ഒൗദാര്യം. 

നിയമസഭയുടെ ഏഴാം സമ്മേളനകാലത്ത് അധികസമയം ജോലിചെയ്തവര്‍ക്കുള്ള ഒാവര്‍ടൈം അലവന്‍സിനാണ് 50 ലക്ഷം രൂപ ധനവകുപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ചെലവ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടാണ് പണം അനുവദിക്കുന്നതെന്ന് ഉത്തരവ് പറയുന്നുണ്ട്. നിയമസഭ സെക്രട്ടേറിയറ്റ്, എം.എല്‍.എ ഹോസ്്റ്റല്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും എം.എല്‍എമാരുടെ പി.എമാര്‍ക്കുമാണ് ഒാവര്‍ ടൈം അലവന്‍സ് ലഭിക്കുക. നിയമസഭയുടെ സമ്മേളനം ചേരുന്നതിന് പത്തു ദിവസം മുന്‍പുതന്നെ ചോദ്യോത്തര വേളക്കുള്ള ജോലികള്‍ ആരംഭിക്കും. ഇതിനായി ജോലിചെയ്യുന്ന ജീവനക്കാര്‍ക്കും സമ്മേളന കാലത്ത് അധികസമയം ജോലിചെയ്യുന്നവര്‍ക്കുമാണ് ഒാവര്‍ടൈം നല്‍കുന്നത്. നിയമപരമായി ജീവനക്കാര്‍ക്ക് അര്‍ഹതയുള്ളതാണിത്. അതേസമയം ക്ഷേമപെന്‍ഷനുകളും ആശ്വാസ കിരണം പോലുള്ള പ്രത്യേക ധനസഹായവും  മുടങ്ങുന്ന സാഹചര്യത്തില്‍ 50 ലക്ഷ രൂപ അനുവദിക്കണമോ എന്ന ചോദ്യമാണ് ഉയരുന്നത്. 

Enter AMP Embedded Script