'ഭരണഘടന വായിക്കാത്തതിന്‍റെ കുഴപ്പം'; ഗവര്‍ണര്‍ക്കെതിരെ മന്ത്രിമാര്‍

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രിമാര്‍. ഗവര്‍ണര്‍ ഭരണഘടന വായിക്കാത്തതിന്‍റെ പ്രശ്നമാണെന്നും അതുകൊണ്ടാണ് ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. അധികാര തര്‍ക്കം മൂലമാണ് ഗവര്‍ണര്‍ ഒപ്പിടാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നായിരുന്നു മന്ത്രി എം.ബി.രാജേഷിന്‍റെ പ്രതികരണം. ഗത്യന്തരമില്ലാതെ ഒരു ബില്ല് ഒപ്പിട്ടു എന്നുവരുത്താനാണ് ഗവര്‍ണര്‍ ശ്രമിച്ചതെന്നും കോടതി നിരീക്ഷണത്തിന്‍റെ അന്തസത്ത ഉള്‍ക്കൊള്ളാതെയാണ് ഗവര്‍ണറുടെ നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം നടപടികള്‍ ഭൂഷണമല്ലെന്നായിരുന്നു മന്ത്രി കെ. രാജന്‍റെ പ്രതികരണം. 

പൊതുജനാരോഗ്യ ബില്ലിന് അംഗീകാരം നല്‍കിയ ഗവര്‍ണര്‍ സര്‍വകലാശാല നിയമ ഭേദഗതികൾ ഉൾപ്പെടെ ഏഴ് ബില്ലുകളാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചത്. നിയമസഭ പാസാക്കിയബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അനിശ്ചിതമായി പിടിച്ചുവെക്കുന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. പഞ്ചാബ് ഗവര്‍ണരെ വിമര്‍ശിച്ചുകൊണ്ടുള്ള വിധിന്യായം കേരള ഗവര്‍ണര്‍വായിക്കുന്നത് നന്നായിരിക്കും എന്ന് കോടതി അഭിപ്രായപ്പെട്ടതിന് പിറകെയാണ് വിവാദ ബില്ലുകള്‍രാഷ്ട്രപതിക്കയക്കാനുള്ള ഗവര്‍ണരുടെ നിര്‍ണായക തീരുമാനം വന്നത്.

Ministers slams governor's decision on bills