75 ഏക്കറില്‍ കുമിഞ്ഞ് കൂടി ലെഗസി വേയ്സ്റ്റ്; ഉത്തരമില്ലാതെ സര്‍ക്കാര്‍

legacy3
SHARE

ബ്രഹ്മപുരം ദുരന്തം രണ്ടാഴ്ച പിന്നിടുമ്പോഴും 75 ഏക്കറില്‍ കുമിഞ്ഞ് കിടക്കുന്ന ലെഗസി വേയ്സ്റ്റ്   എന്ത് ചെയ്യുമെന്ന ചോദ്യത്തിന് സര്‍ക്കാരിന് ഉത്തരമില്ല. വേനല്‍ ചൂട് കൂടുമ്പോള്‍ വീണ്ടും തീപിടിത്ത സാധ്യത തള്ളിക്കളയാനാകില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. ബ്രഹ്മപുരത്തെ ലെഗസി വേയ്സ്റ്റ്     സംസ്കരണത്തിന്റെ ചുമതലയുള്ള ദുരന്തനിവാരണവകുപ്പിന് തന്നെയാണ് മറ്റൊരു ദുരന്തത്തില്‍ നിന്ന് കൊച്ചിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തവും..

മാര്‍ച്ച് രണ്ടിന് ഉച്ച കഴിഞ്ഞ് കത്തിപിടിച്ച ബ്രഹ്മപുരത്തെ മാലിന്യ മലകളിലെ തീയും പുകയും പൂര്‍ണമായും ഇല്ലാതായത് 12 ദിവസം നീണ്ട യത്നത്തിനൊടുവില്‍. മറ്റൊരു തീ പിടിത്തം ഇല്ലാതെ നോക്കാന്‍ ഇപ്പോള്‍ ഇവിടുള്ളത് രണ്ട് ഫയര്‍ ടെന്‍ഡറുകള്‍. എഴുപത്തിയഞ്ച് ഏക്കറിലായി പരന്ന് കിടക്കുന്ന അഞ്ചര ലക്ഷം ടണ്‍ െലഗസി മാലിന്യം യുദ്ധകാലാടിസ്ഥാനത്തില്‍ ബയോമൈനിങ് നടത്തിയില്ലെങ്കില്‍ ഈ വേനല്‍കാലം കൊച്ചിക്ക് കാത്ത് വച്ചിരിക്കുന്നത് മറ്റൊരു ദുരന്തം തന്നെയായിരിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

തീ പിടിത്തത്തിന് പിറകെ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകില്ലെന്ന് പ്രഖ്യാപിച്ച്  ഉറവിട മാലിന്യ സംസ്കരണ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന തദ്ദേശവകുപ്പ് ലെഗസി മാലിന്യം എന്ത് ചെയ്യുമെന്ന കാര്യത്തില്‍ കൃത്യമായ മറുപടിയും നല്‍കുന്നില്ല. ബ്രഹ്മപുരത്തെ തീ പിടിത്തതിന്റെ കാരണം കണ്ടെത്തുന്നതിനായി വിദഗ്ധ സമിതി നിയോഗിച്ചുള്ള പഠനത്തിനും സര്‍ക്കാര്‍ തയാറായിട്ടില്ല. പൊലീസ് അന്വേഷണവും ഇഴയുകയാണ്. കത്താതെ അവശേഷിക്കുന്ന ടണ്‍ കണക്കിന് മാലിന്യം ഉടനടി നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ ഇനി തയാറാകേണ്ടത്. 

MORE IN KERALA
SHOW MORE