ബ്രഹ്മപുരത്തെ മാലിന്യം നീക്കിയ സ്ഥലത്ത് ക്രിക്കറ്റ് കളിച്ച് ആഘോഷിച്ച് വകുപ്പ് മന്ത്രിയും കൊച്ചി മേയറും. ബയോ മൈനിങിലൂടെ 75 ശതമാനം മാലിന്യം നീക്കി 18 ഏക്കർ സ്ഥലമാണ് വീണ്ടെടുത്തത്. ബ്രഹ്മപുരത്തു കെട്ടി കിടക്കുന്ന ലക്ഷകണക്കിന് ടൺ മാലിന്യം ഉണ്ടാക്കിയ തലവേദന കൊച്ചി കോർപറേഷനെ വിട്ടൊഴിയുകയാണ്.
ബ്രഹ്മപുരത്തെ മാലിന്യ മലകൾ ഇല്ലാതാക്കാനുള്ള സർക്കാർ ശ്രമം ഒരു പരിധിവരെ ലക്ഷ്യം കാണുകയാണ്. ആറ് ലക്ഷത്തിൽ അധികം മെട്രിക് ടൺ മാലിന്യമാണ് ബയോ മൈനിങ്ങിലൂടെ നീക്കം ചെയ്തത്. വീണ്ടെടുത്ത സ്ഥലത്തു ക്രിക്കറ്റ് കളിച്ചാണ് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷും കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാറും സന്തോഷം പങ്കു വച്ചത്.
മെയ് മാസത്തോടെ ബയോ മൈനിങ് പൂർത്തിയാക്കി ബ്രഹ്മപുരത്തെ പൂങ്കാവനമാക്കി മാറ്റുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം. ഒപ്പം കൊച്ചി കോർപറേഷൻ പാസാക്കിയ 706.55 കോടിയുടെ മാസ്റ്റർ പ്ലാനും വേഗത്തിൽ പൂർത്തിയാക്കും.
മാലിന്യം നീക്കം ചെയ്ത പ്രദേശത്തു BPCL ന്റെ ബയോ സി.ബി.ജി പ്ലാന്റ് നിർമ്മാണവും പുരോഗമിക്കുകയാണ്. കൊച്ചിക്ക് പുറമെ കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലും ബയോ സി.ബി.ജി പ്ലാന്റ് നിർമ്മിക്കാൻ BPCL സന്നദ്ധത അറിയിച്ചിട്ടുണ്ട്.