നഗര, ഗ്രാമവ്യത്യാസമില്ലാതെ മാലിന്യപ്രശ്നമുള്ള നാടാണ് കേരളം. പ്ളാസ്റ്റിക്ക് നിരോധനമൊക്കെ കാറ്റില്‍ പറത്തി പ്ളാസ്റ്റിക്ക് ഉപയോഗവും മുന്നോട്ട് തന്നെ. പക്ഷെ സര്‍ക്കാര്‍ കണക്കുകളനുസരിച്ച് കേരളത്തിലെ മാലിന്യത്തിന്‍റെ കണക്ക് ആറുവര്‍ഷമായെങ്കിലും ഉയരാതെ നില്‍ക്കുകയാണ്. പ്രതിവര്‍ഷം 3.7 ദശലക്ഷം ടണ്‍, പ്രതിദിന മാലിന്യമാകട്ടെ ഏകദേശം പതിനായിരം ടണ്ണിനടുത്തും. 2018 മുതല്‍ ഇതാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്‍റെ കണക്കായി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഇതു ശരിയാണോ?
ഇത്രവേഗം നഗരവത്ക്കരണം നടക്കുന്ന, ഉപഭോക്ജൃ സംസ്ഥാനമായ കേരളത്തില്‍ മാലിന്യ ഉത്പാദനം മാത്രം ഉയരുന്നില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? 2028 ല്‍പ്രസിദ്ധീകരിച്ച ഖരമാലിന്യ നയത്തിലെ കണക്കും 2024 സര്‍ക്കാര്‍ ഹരിത ട്രൈബ്യബണലിന് നല്‍കിയ കണക്കും ഏതാണ്ട് ഒരുപോലെയാണ് മാലിന്യത്തിന്‍രെ കണക്കുകള്‍ കാണിക്കുന്നത്. മാത്രമല്ല പ്ളാസ്റ്റിക്ക് മാലിന്യങ്ങളുടെ അളവ് കുറയുന്നതയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും പറയുന്നു. ഇത് ശരിയോണോ? പരിശോധിക്കപ്പെടേണ്ടതാണ് ഈ കണക്കുകള്‍ എന്ന് വ്യക്തമാക്കുന്നതാണ് ബ്രഹ്മപുരത്തെ തീപിടുത്തവും അനുബന്ധപ്രശ്നങ്ങളെയും കുറിച്ച് ഗവേഷകരും എഴുത്തുകാരുമായ എം.സുചിത്രയും സി.സുരേന്ദ്രനാഥും തയാറാക്കിയ പഠന റിപ്പോര്‍ട്ട്.
പ്ളാസ്റ്റിക്ക് മാലിന്യം ശേഖരിക്കാന്‍ ഹരിത കര്‍മസേനയുണ്ടോല്ലോ എന്ന് കരുതി പ്ളാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം കൂടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ബ്രഹ്മപുരം പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് വി.കെ.പ്രശാന്ത് എം.എല്‍എ. അഭിപ്രായപ്പെട്ടതും ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ഹരിത പ്രോട്ടോക്കോള്‍, സീറോ മാലിന്യം എന്നീ ലക്ഷ്യങ്ങളില്‍ നിന്ന് സംസ്ഥാനം പിറകോട്ട് പോകുകയാണോ എന്നും കണ്ടെത്തണം. പ്ളാസ്റ്റിക്കിന് ബദല്‍ എന്തെന്നും ആലോചിക്കണമെന്നാണ് മുന്‍ തിരുവന്തപുരം മേയര്‍കൂടിയായ വികെ പ്രശാന്ത് പറയുന്നത്.
2016 മുതല്‍ 2021 വരെയുള്ള കണക്കുകള്‍ പരിശോധിക്കാന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഒാഡിറ്റര്‍ജനറല്‍ സംസ്ഥാനത്തെ 22 തദ്ദേശ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഒരിടത്തുപോലും 2020 ലെ പ്രോട്ടോകോള്‍ അനുശാസിക്കും വിധം മാലിന്യകണക്ക് കണ്ടെത്താനുള്ള സര്‍വെപോലും നടക്കുന്നില്ലെന്ന് സിഎജി പറയുന്നു. സംസ്ഥാനത്തെ തുറസായ സ്ഥലങ്ങളിലെ മാലിന്യകൂമ്പാരങ്ങളില്‍ 46 ശതമാനവും പ്ളാസ്റ്റിക്കാണെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ പറഞ്ഞാല്‍ മാലിന്യത്തെ സംബന്ധിച്ചുള്ള സര്‍ക്കാരിന്‍റെ കണക്കുകള്‍പോലും ശരിയല്ലെന്നാണ് എം.സുചിത്രയും സി.രവീന്ദ്രനാഥും പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.
അപകടകരമായ രീതിയില്‍ ജലാശയങ്ങളിലും തീരക്കടലിലും പ്ളാസ്റ്റിക്ക് ഉള്‍പ്പെടയുള്ള മാലിന്യങ്ങള്‍ അടിഞ്ഞു കൂടുകയാണ് . മനുഷ്യന്‍റെ ആരോഗ്യം മുതല്‍ മത്സ്യസമ്പത്തിന്‍റെ നിലനില്‍പ്പിനെപോലും ഈ മാലിന്യ നിക്ഷേപം അപകടത്തിലാക്കുകയാണെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മറ്റൊരു അപകടകരമായ മേഖല ഇ–മാലിന്യമാണ്. മൂന്നുലക്ഷത്തിലേറെപേര്‍നേരിട്ടും അതിനിരട്ടിപ്പേര്‍ പരോക്ഷമായും ഇലക്ട്രേണിക്ക്സ്– കമ്പ്യൂട്ടര്‍മേഖലയില്‍ജോലിചെയ്യുന്നുണ്ട്. ഈ എണ്ണം പ്രതിദിനം കൂടുകയുമാണ്. പക്ഷെ ഇ –മാലിന്യങ്ങള്‍ സംബന്ധിച്ച് കണ്ണടച്ച് ഇരുട്ടാക്കുന്ന നയമാണ് നമ്മള്‍പിന്തുടരുന്നത്. യാതൊരു സുരക്ഷയുമില്ലാതെ ആക്രികടകളില്‍ഇ–മാലിന്യം കൈകാര്യം ചെയ്യുന്ന സ്ഥിതിയാണ് ഇന്നുള്ളത്. പ്ളാസ്റ്റിക്ക് ,ഇ.–മാലിന്യങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെ സിമന്‍റ് നിര്‍മാണ പ്ളാന്‍റുകളിലേക്ക് പോകുന്നുണ്ട്. പ്രതിദിനം 800 ടണ്ണോള പ്ളാസ്റ്റിക്ക്, ഇ– മാലിന്യമാണ് തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 17 സിമന്‍റ് കമ്പനികളിലേക്ക് കേരളത്തില്‍ നിന്ന് അയക്കുന്നത്. ജൈവ അജൈവമാലിന്യം തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ നിക്ഷേപിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിത ട്രൈബ്യൂണല്‍ കേരളത്തിനെതിരെ 2023 ന്ശേഷം രണ്ടുകേസുകള്‍ സ്വമേധയാ റജിസ്റ്റര്‍ചെയ്തതും ഇതിനൊപ്പം കൂട്ടിവായിക്കണം.
ബ്രഹ്മപുരത്തെ മറക്കരുത്
ബ്രഹ്മപുരത്ത് 2023 മാര്‍ച്ച് രണ്ടിന് തീപിടിക്കുമ്പോള്‍ ഏകദേശം എട്ടുലക്ഷം ടണ്‍ മാലിന്യമാണ് അവിടെ കെട്ടികിടന്നിരുന്നത്. 2024 ല്‍ സംസ്ഥാനം ദേശീയ ഹരിത ട്രൈബ്യൂണലിന് നല്‍കിയ കണക്കനുസരിച്ച് 59 സ്ഥലങ്ങളിലാണ് കേരളത്തില്‍വലിയ മാലിന്യ കൂമ്പാരങ്ങളുള്ളത്, ഇവയില്‍ ഏറ്റവും വലുത് ബ്രഹ്മപുരത്തും.
2029 നും 2023 നും ഇടക്ക് മാത്രം വലുതും ചെറുതുമായ 15 തീപിടുത്തങ്ങള്‍ 110 ഏക്കര്‍ വിസ്തീര്‍ണമുള്വ ബ്രഹ്മപുരം മാലിന്യസംസ്ക്കരണ കേന്ദ്രത്തില്‍ നടന്നതായി പറയുന്നു. തീപിടുത്തമുണ്ടാകുമ്പോള്‍ ഡയോക്സിന്‍പോലുള്ള മാരകമായ വാതകങ്ങളും പുകയും ചൂടും എല്ലാം അന്തരീക്ഷത്തിലേക്ക് പരക്കുന്നു. മാലിന്യകൂമ്പാരത്തില്‍നിന്ന് വിഷമയമയമായ പദാര്‍ഥങ്ങള്‍ മണ്ണിലും വെള്ളത്തിലും കലരുന്നു. തണ്ണീര്‍തടം നികത്തിയാണ് ബ്രഹ്മപുരത്ത് മാലിന്യ പ്ളാന്‍ര് ആരംഭിച്ചതെന്നുകൂടി ഒാര്‍ക്കണം. 2019, 2020, 2023 ല്‍ കുസാറ്റ് നടത്തിയ പഠനങ്ങളിലും ബ്രഹ്മപുരത്ത് ആരോഗ്യത്തിന് അപകടകരമായ വിഷവാതകങ്ങളുടെയും സൂക്ഷമ പദാര്‍ഥങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയിരുന്നു.
ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍സംസ്ക്കരിക്കുക. പ്ളാസ്റ്റിക്ക് ഉപയോഗം കുറക്കുക, ഇ മാലിന്യം അതീവ സുരക്ഷയില്‍ പുന രുപയോഗത്തിനായി വേര്‍തിരിക്കുക , പൊതു ഇടങ്ങളിലെ വലിയ മാലിന്യ കൂമ്പാരങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ക്ളിയര്‍ചെയ്യുക, ജലാശയങ്ങളിലേക്ക് മാലിന്യം എത്തുന്നത് കര്‍ശനമായി തടയുക ഇവ ചെയ്താലെ കേരളത്തിന് മുന്നോട്ട് പോകാനാവൂ എന്നാണ് ബ്രഹ്മപുരം പഠിപ്പിക്കുന്നപാഠം. അല്ലാതെ കണക്കുകള്‍ കുറച്ചുകാട്ടിയും എല്ലാ ചുമതലയും ഹരിത കര്‍മസേനക്കുമേലിലിട്ടും കണ്ണടച്ച് ഇരുട്ടാക്കി മാലിന്യമുക്ത നവകേരളം എന്ന് ആവര്‍ത്തിച്ചിട്ട് എന്തുകാര്യം എന്നാണ് Chocking in Toxic Smoke എന്ന പഠന റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്ന പ്രധാന ചോദ്യം.