മാനദണ്ഡമില്ല, ആസൂത്രമണമില്ല, പേര് ആധുനിക മത്സ്യ വിപണന കേന്ദ്രം; പാഴാക്കിയത് ഒന്നരക്കോടി

മാനദണ്ഡം പാലിക്കാതെയും ആസൂത്രണമില്ലാതെയും വൈക്കം മത്സ്യമാർക്കറ്റിൽ നിർമ്മിച്ച ആധുനിക മത്സ്യ വിപണന കേന്ദ്രത്തിനായി പാഴാക്കിയത് ഒന്നരക്കോടിയിലധികം രൂപ. കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ ഏഴ് വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ആധുനിക വിപണന കേന്ദ്രമാണ് തുറക്കാനാവാതെ കിടക്കുന്നത്. 2016 ലാണ് തീരദേശ വികസന കോർപ്പറേഷൻ ഈ ആധുനിക വിപണന കേന്ദ്രം തുറന്നത്.

ആധുനിക മത്സ്യവിപണ കേന്ദ്രത്തിൽ സ്ഥാപിക്കാനായി കോവിലത്തും കടവ് മത്സ്യ മാർക്കറ്റിൽ കൊണ്ടു വന്ന ഫ്രീസർ ഉപകരണങ്ങളാണ് ഏഴുവർഷമായി ഉപയോഗമില്ലാതെ കിടക്കുന്നത്. ട്രീറ്റ്മെന്റ് പ്ലാന്റും സോളാർ പാനലും നശിച്ചു. ഒരു കോടി നാൽപത്തി നാലേകാൽ ലക്ഷം രൂപ വെറുതെ പാഴാക്കിയതാണെന്നാണ് ഇവിടുത്തുകാർ ഉറപ്പിച്ചു പറയുന്നത്.

ദേശീയ മത്സ്യവികസന ബോർഡിന്റെ പണം ഉപയോഗിച്ചായിരുന്നു കെട്ടിട നിർമ്മാണം പൂർത്തിയാക്കി നഗരസഭയ്ക്ക് കൈമാറിയത്. എന്നാൽ തീരദേശ പരിപാലനനിയമം പാലിക്കാതെ പണിത കെട്ടിടത്തിന് നമ്പർ നൽകാൻ നഗരസഭക്ക് കഴിഞ്ഞില്ല. ഇതോടെ വൈദ്യുതി കണക്ഷനെടുക്കാൻ കഴിയാതെ ഫ്രീസറും  ഉപകരണങ്ങളും വെറുതെ കിടന്ന് നശിച്ചു. 

ആവശ്യത്തിന്  സ്ഥലവും സംസ്ക്കരണ സംവിധാനവും ഇല്ല എന്ന് കണ്ടതോടെ മത്സ്യതൊഴിലാളികൾ തുടക്കത്തിലെ വിപണ കേന്ദ്രം ഒഴിവാക്കി. വിപണ കേന്ദ്രത്തിലെ സ്റ്റാളിന് നഗരസഭക്ക് വാടക കൊടുക്കണമെന്ന നിബന്ധനയും വിനയായി. നിലവിൽ നഗരസഭ  താൽക്കാലിക നമ്പർ നൽകി മാർക്കറ്റ് നടത്തിപ്പുക്കാർക്ക് കെട്ടിടം വിട്ടുകൊടുത്തിരിക്കുകയാണ്. വൈക്കം നഗരസഭയാകട്ടെ ഇത് തുറക്കേണ്ട യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന നിലപാടിലുമാണ്. 

modern fish market in Vaikom without following norms and planning

Enter AMP Embedded Script