മൊഴി നൽകിയത് ലഹരി ഇടപാടിനെക്കുറിച്ച്; കേസെടുത്തത് കയ്യിൽ കയറിപ്പിടിച്ചതിന്

വടകര  അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലഹരിക്ക് അടിമയാക്കുകയും ലഹരിക്കടത്തിൽ കാരിയർ ആക്കുകയും ചെയ്ത സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച. പരാതി ഒതുക്കിത്തീർക്കാൻ പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കൾ ഇടപെട്ടെന്നും വിദ്യാർഥിനിയുടെ കുടുംബം ആരോപിക്കുന്നു. 

ഡിസംബർ രണ്ടിനു പൊലീസിൽ പരാതി നൽകിയപ്പോൾ ലഹരിസംഘത്തിന്റെ പ്രവർത്തനത്തെക്കുറിച്ചു പെൺകുട്ടി വിശദമായ മൊഴി നൽകിയിരുന്നു. ലഹരിക്കൈമാറ്റത്തിനു വിസമ്മതിച്ച പെൺകുട്ടിയെ ഈ സംഘത്തിലെ യുവാവു ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനെപ്പറ്റിയും പൊലീസിനെ അറിയിച്ചതാണ്. എന്നാൽ ലഹരിമരുന്ന് എന്ന വാക്കു പോലും പൊലീസ്  എഫ്ഐആറിൽ രേഖപ്പെടുത്തിയില്ല. യുവാവു കയ്യിൽ കയറിപ്പിടിച്ചതിനു മാത്രമാണു കേസെടുത്തത്. യുവാവിനെ പിന്നീടു  സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. ഇക്കാര്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടു പെൺകുട്ടിയുടെ മാതാവു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. 

നവംബർ 24നാണു പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ പൂർണമായും നനഞ്ഞ നിലയിൽ അധ്യാപകർ കണ്ടത്. വിവരമറിഞ്ഞെത്തിയ വീട്ടുകാരോടു പെൺകുട്ടി ലഹരിസംഘവുമായുള്ള ബന്ധം തുറന്നു പറയുകയായിരുന്നു. തന്നെ ഒരു സംഘം ലഹരിക്ക് അടിമയാക്കിയതായും ലഹരിക്കടത്തിന് ഉപയോഗിച്ചതായും പെൺകുട്ടി വെളിപ്പെടുത്തി. 

പരിചയക്കാരിയായ യുവതി നൽകിയ ലഹരി കലർന്ന ബിസ്കറ്റിലായിരുന്നു തുടക്കം. പിന്നീടു സിറിഞ്ച് കുത്തിവച്ചതും സ്കൂൾ ബാഗിൽ ലഹരി കടത്താൻ നിർബന്ധിച്ചതും ലഹരിമരുന്നു കൈമാറാൻ തലശ്ശേരിയിൽ പോയതുമെല്ലാം പെൺകുട്ടി വെളിപ്പെടുത്തി. ഡിസംബർ രണ്ടിനാണു പെൺകുട്ടിയുടെ കുടുംബം ചോമ്പാല പൊലീസിൽ പരാതി നൽകിയത്. എന്നാൽ, തെളിവുണ്ടോ എന്നായിരുന്നു സ്റ്റേഷനിലെ പൊലീസുകാർ ചോദിച്ചതെന്നു കുടുംബം പറയുന്നു. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ, പെൺകുട്ടിക്ക് ആദ്യമായി ബിസ്കറ്റ് നൽകിയ യുവതിയും സ്റ്റേഷൻ പരിസരത്തെത്തി. അവരെക്കണ്ടു പെൺകുട്ടി പരിഭ്രാന്തയായി. 

അതിനിടെ സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ നേതാക്കളായ നിഷാദ്, ഫാസി‍ൽ എന്നിവർ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി. ‘അവർ  വലിയ ടീമാണ്. പരാതിയുമായി പോയാൽ നിന്റെ ഭാവിയെ ബാധിക്കും’ എന്നായിരുന്നു ഭീഷണി. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സമയത്ത് ലഹരിക്കടത്ത് സംഘത്തിലെ യുവതി അവിടെയെത്തിയതിൽ ദുരൂഹതയുണ്ടെന്നും വീട്ടുകാർ പറയുന്നു. 

സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ ഡിവൈഎഫ്ഐ നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നു മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Enter AMP Embedded Script