അമൃത് മഹോത്സവം വര്‍ണാഭമാക്കി മധ്യകേരളവും; ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി

സ്വാതന്ത്ര്യത്തിന്‍റെ അമൃത് മഹോത്സവം വര്‍ണാഭമാക്കി മധ്യകേരളത്തിലും വിപുലമായി ആഘോഷിച്ചു. ജില്ലാഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങുകളില്‍ വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി. കൊച്ചി നാവിക ആസ്ഥാനത്തും ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. 

എറണാകുളത്ത് മന്ത്രി പി.രാജീവ് പതാക ഉയര്‍ത്തി. കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൈതാനത്ത് നടന്ന പരേഡില്‍ 22പ്ലറ്റൂണുകളില്‍ വിവിധ സേന വിഭാഗങ്ങളില്‍ നിന്നായി 750പേര്‍ പങ്കെടുത്തു. ജനാധിപത്യം നിലനിനല്‍ക്കാന്‍ മതനീരപേക്ഷത അനിവാര്യമാണെന്ന് പി. രാജീവ്. തൃശൂരില്‍ മന്ത്രി കെ.രാധാകൃഷ്ണനും, കോട്ടയത്ത് മന്ത്രി വി.എന്‍. വാസവനും, ആലപ്പുഴയില്‍ മന്ത്രി പി.പ്രസാദും, ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിനും പതാകഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കൊച്ചി നാവികാസ്ഥാനത്ത് വൈസ് അഡ്മിറല്‍ എം.എ ഹംപിഹോളി പതാക ഉയര്‍ത്തി പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ചു. നാവിക സേന സ്വയം പര്യാപ്തതയിലേക്ക് ഉയരുകയാണെന്നും വരാനിരിക്കുന്നത് അഭിമാനത്തിന്‍റെ നാളുകളാണെന്നും അദേഹം പറഞ്ഞു. 

വീര്യമൃത്യു വരിച്ച ധീരജവാന്‍മാരുടെ സ്മാരകത്തിലും വൈസ് അഡ്മിറല്‍ പുഷ്പചക്രം അര്‍പിച്ചു.  രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വാതന്ത്രദിനത്തില്‍ വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.