രാത്രി മതിലും ഗേറ്റും തകർത്ത് വീട്ടുമുറ്റത്ത് ലോറി; ഞെട്ടൽ മാറാതെ വീട്ടുകാർ

തൃശൂര്‍ മുളങ്കുന്നത്തുകാവ് കോഞ്ചേരിയില്‍ ലോറി വീട്ടിലേക്ക് പാഞ്ഞുകയറി. ആളപായമില്ല. പൈപ്പിന്റെ അറ്റക്കുറ്റപ്പണിയ്ക്ക് ദീര്‍ഘനാളായി റോഡ് പൊളിച്ചിട്ടതോടെ അപകടം പതിവാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. 

അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഷൊര്‍ണൂര്‍...കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ കോഞ്ചേരിയിലായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് പാഞ്ഞുക്കയറുകയായിരുന്നു. ഉറക്കത്തിലായ വീട്ടുകാര്‍ വലിയ ശബ്ദം കേട്ടുണര്‍ന്നപ്പോഴാണ് വീട്ടുമുറ്റത്ത് ലോറി കണ്ടത്. വീട്ടുമതിലും ഗെയ്റ്റും തകര്‍ത്താണ് ലോറി ഇരച്ചെത്തിയത്. മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപറ്റി. വീടിനു മുമ്പിലെ മരത്തിലിടിച്ചാണ് ലോറി നിന്നത്. ഡോക്ടറുടെ വീടാണിത്. അപകടം അര്‍ധരാത്രിയിലായിതിനാല്‍ ക്ലിനിക്കില്‍ ആരുമില്ലാത്തതും രക്ഷയായി.

വീടിനു മുന്നിലെ റോഡിന്റെ ഒരു വശം കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്കായി പൊളിച്ചിട്ടിരുന്നു. ഇതു ദീര്‍ഘനാളായിട്ടും തീര്‍ന്നിട്ടില്ല. പ്രദേശത്ത് അപകട ഭീഷണി ഉയർത്തുന്നതെന്ന് നാട്ടുകാർ  പറയുന്നു. രണ്ട് മാസത്തോളമായി റോഡില്‍ ഒറ്റവരിയാണ് ഗതാഗതം.