ശബരിമല സുവർണ ശ്രീകോവിലില്‍ ചോര്‍ച്ച; സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച. അറ്റകുറ്റപ്പണിക്ക് കഴിഞ്ഞ ഏപ്രിലില്‍ അനുജ്ഞ വാങ്ങിയെങ്കിലും പണിയൊന്നും നടന്നിട്ടില്ല. ചോര്‍ച്ച വാര്‍ത്തയായതോടെ അടുത്തമാസം അഞ്ചിന് സ്വര്‍ണപ്പാളികള്‍ ഇളക്കി പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.

സ്വര്‍ണപ്പാളികളിലൂടെയാണ് ചോര്‍ച്ച. കഴുക്കോലിലേക്ക് ഒഴുകി വീണ് താഴെ ദ്വാരപാലക ശില്‍പങ്ങളിലേക്കാണ് വെള്ളം വീഴുന്നത്. സ്വര്‍ണപ്പാളികള്‍ ഇളക്കിയാലേ ചോര്‍ച്ചയുടെ കാരണവും തീവ്രതയും അറിയാനാകൂ എന്ന് പണിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. കഴിഞ്ഞ വിഷുപൂജ സമയത്ത് മുന്‍ എക്സിക്യൂട്ടിവ് ഓഫിസര്‍ ഇത് ദേവസ്വം ബോര്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സ്പോണ്‍സര്‍മാരുടെ സഹായത്തോടെ തകരാര്‍ പരിഹരിക്കാന്‍ പദ്ധതിയിട്ടെങ്കിലും പിന്നെ സ്പോണ്‍സര്‍മാരെ ഒഴിവാക്കി. ദേവസ്വം ബോര്‍ഡ് തന്നെ പണി നടത്താനായിരുന്നു പ്രസിഡന്‍റിന്‍റെ നിര്‍ദേശം. ശ്രീകോവിലിലെ പണിക്കായി ദേവന്‍റെ അനുജ്ഞ വാങ്ങിയെങ്കിലും പണി നടന്നില്ല. അഞ്ചിന് സ്വര്‍ണപ്പാളി ഇളക്കി പരിശോധിച്ചാല്‍ ഒരു ദിവസം കൊണ്ടു പണി പൂര്‍ത്തിയാക്കാം എന്നാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് പറയുന്നത്. തന്ത്രി മഹേഷ് മോഹനര്, തിരുവാഭരണ കമ്മിഷണര്‍ ജി.ബൈജു എന്നിവരുടെ സാന്നിധ്യത്തിലാകും പരിശോധന.  നിറപുത്തരി പൂജയ്ക്കായി ഓഗസ്റ്റ് മൂന്നിന് വൈകിട്ട് നടതുറക്കും. നാലിനാണ് നിറപുത്തരി പൂജ. നിറപുത്തരിയുടെ പിറ്റേദിവസമാണ് പരിശോധന