തള്ള് മാത്രം പോര മുഖ്യമന്ത്രി; കഴിവുകേട് തിരിച്ചറിയണം; പരിഹസിച്ച് ബൽറാം; കുറിപ്പ്

ശബരിമലയില്‍ പൊലീസ് ആര്‍എസ്എസിന് സര്‍ക്കാരിനെ ഒറ്റുകൊടുത്തെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ തുറന്നുപറച്ചിലിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് വി.ടി ബൽറാം രംഗത്ത്. ആര്‍എസ്എസിന് പൊലീസ്  വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ  യോഗത്തിലാണ് മുഖ്യമന്ത്രി ആരോപിച്ചത്. മനീതി സംഘം വന്നപ്പോള്‍ നാറാണത്തുഭ്രാന്തനെ പോലെയായിരുന്നു പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഇൗ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബൽറാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

‘വലിയ വായിലുള്ള തള്ള് മാത്രം പോര മുഖ്യമന്ത്രീ, ഈപ്പറയുന്ന പോലീസ് താങ്കളുടെ നിയന്ത്രണത്തിലുള്ളതാണെന്ന് ഓർമ്മയിലുണ്ടോ? താങ്കളുടെ പോലീസ് ആർഎസ്എസിന് വിവരങ്ങൾ ഒറ്റിക്കൊടുക്കുന്ന ഏജൻറുമാരാണെന്ന അവസ്ഥ സൂചിപ്പിക്കുന്നത് ആരുടെ കഴിവുകേടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുന്നുണ്ടോ? നിർണ്ണായക രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുന്ന ആർഎസ്എസ് ചാരന്മാരായ ഉദ്യോഗസ്ഥർ പോലീസ് സേനയിൽ ഉണ്ടെന്ന് താങ്കൾക്ക് തന്നെ മനസ്സിലായിട്ടും അതിലേതെങ്കിലും ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും താങ്കൾക്ക് കഴിഞ്ഞിട്ടുണ്ടോ? ആദ്യം അത് പറയൂ.’ ബൽറാം കുറിച്ചു.