സൂചനാ സമരവുമായി ആർസിസിയിലെ ഡോക്ടർമാർ; ചർച്ച

സംസ്ഥാനത്തെ ഏറ്റവും പ്രമുഖ കാൻസർ ചികില്‍സാ കേന്ദ്രമായ റീജണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍  ഒരുമണിക്കൂര്‍ സൂചനാ സമരം നടത്തി. സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കാത്തതാണ് കാരണം. ചികിൽസകൾ പലതും നിർത്തിവച്ചിരിക്കുകയാണെന്നും രോഗികൾ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നും ഡോക്ടർമാർ തന്നെ വെളിപ്പെടുത്തുന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് ആരോഗ്യമന്ത്രി ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്

പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ പരസ്യമായി സമരത്തിലേക്ക് ഇറങ്ങി.നല്‍കുന്ന സേവനത്തിന് അര്‍ഹമായ വേതനം ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. പലതവണ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഗണിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍

ഏറ്റവും കൂടുതൽ പേർ ചികിത്സയ്ക്കെത്തുന്ന തൈറോയ്ഡ് കാൻസർ ചികിൽസയുൾപ്പെടെ മാസങ്ങളായി മുടങ്ങിയിരിക്കുന്നു.

റേഡിയേഷന് ഉപയോഗിക്കുന്നത് ഉൾപ്പെടെ ആധുനിക ഉപകരണങ്ങൾ പലതും ആർ സി സി യിൽ ലഭ്യമല്ല. മറ്റ് സർക്കാർ ആശുപത്രികളിലേതിന് സമാനമായി മരുന്നുക്ഷാമവും രൂക്ഷമാണ്. അവശ്യമരുന്നുകൾ പലതും പുറത്തേയ്ക്കെഴുതുകയാണ്. . ജീവനക്കാർക്ക് ഉപയോഗപ്രദമായ പെൻഷൻ പദ്ധതിയും നടപ്പാക്കിയിട്ടില്ല നിരവധി ഡോക്ടർമാർ ചുരുങ്ങിയ കാലയളവിനുള്ളിൽ രാജി വച്ച് പോയതായും ഡോക്ടർമാരുടെ സo ഘടന ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ഒഴിവുകൾ പലതും നികത്തിയിട്ടില്ല.