ആർസിസിയിൽ ശസ്ത്രക്രിയകൾ പുനരാരംഭിച്ചു; അതിനുമുമ്പ് കോവിഡ് പരിശോധന

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ എല്ലാ ശസ്ത്രക്രിയകളും പുനരാരംഭിച്ചു. ശസ്ത്രക്രിയയ്ക്ക് മുമ്പ് കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ലാബിലായിരിക്കും കോവിഡ് പരിശോധന. 

ആര്‍ സി സി യില്‍ ശസ്ത്രക്രിയ കാത്തിരിക്കുന്ന രോഗികള്‍ക്ക് ആശ്വാസവാര്‍ത്ത. എല്ലാത്തരം ശസ്ത്രക്രിയകളും പുനരാരംഭിച്ചു.

അര്‍ബുദ ശസ്ത്രക്രിയകള്‍ വൈകുന്നത് ദോഷകരമായി ബാധിക്കുമെന്ന വിദഗ്ധസമിതി നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. ആശുപത്രി ജോലിക്കാരുടേയും രോഗികളുടേയും സുരക്ഷയെ മുന്‍നിര്‍ത്തി ആദ്യം കോവിഡ് പരിശോധന നടത്തും.

ആര്‍ സി സിയിലെ പരിശോധനാ ലാബിന് ഐ സി എം ആര്‍ അംഗീകാരം ലഭിക്കുന്നതുവരെ തിരുവന്തപുരം മെഡിക്കല്‍ കോളേജിലായിരിക്കും പരിശോധന. തമിഴ്നാട്ടില്‍ നിന്ന് ആര്‍സിസിയില്‍ ചികില്‍സയിലുളള രോഗികള്‍ക്ക് കന്യാകുമാരി ജില്ലാ ആശുപത്രിയില്‍ ചികില്‍സ ഒരുക്കിയിട്ടുണ്ട്. ആര്‍ സി സിയുടെ സഹകരണത്തോടെയാണിത്.