ആവശ്യത്തിന് മരുന്നും ഉപകരണങ്ങളുമില്ല; താളം തെറ്റി ആർ.സി.സി; രോഗികൾ ദുരിതത്തിൽ

സംസ്ഥാനത്തെ ഏറ്റവും പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രമായ ആർ.സി.സിയിൽ സർവത്ര താളം തെറ്റലെന്ന് ഡോക്ടർമാർ. ചികിൽസകൾ പലതും നിർത്തി വച്ചിരിക്കുകയാണെന്നും രോഗികൾ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നും ഡോക്ടർമാർ തന്നെ വെളിപ്പെടുത്തുന്നു. ഇന്ന് സൂചനപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ആർ.സി.സിയിലെ ഡോക്ടർമാർ. എന്നാല്‍ ഇന്ന് ചികിത്സ മുടങ്ങില്ല. 

പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ അർബുദ ചികിൽസാലയത്തിന് ചികിത്സ വേണമെന്നാണ് ഡോക്ടർമാർ തന്നെ ആവശ്യപ്പെടുന്നത്. ഏറ്റവും കൂടുതൽ പേർ ചികിത്സയ്ക്കെത്തുന്ന തൈറോയ്ഡ് കാൻസർ ചികിൽസയുൾപ്പെടെ മാസങ്ങളായി മുടങ്ങിയിരിക്കുന്നു. റേഡിയേഷന് ഉപയോഗിക്കുന്നത് ഉൾപ്പെടെ ആധുനിക ഉപകരണങ്ങൾ പലതും ആർ.സി.സിയിൽ ലഭ്യമല്ല. മറ്റ് സർക്കാർ ആശുപത്രികളിലേതിന് സമാനമായി മരുന്നുക്ഷാമവും രൂക്ഷമാണ്. അവശ്യമരുന്നുകൾ പലതും പുറത്തേയ്ക്കെഴുതുകയാണ്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ചും പരാതികളുയരുന്നു. ജീവനക്കാർക്ക് ഉപയോഗപ്രദമായ പെൻഷൻ സ്കീം നിലവിലില്ല. സേവന വേതന വ്യവസ്ഥകൾ കാലാനുസൃതമായി  പരിഷ്കരിച്ചിട്ടില്ല.

നിരവധി ഡോക്ടർമാർ ചുരുങ്ങിയ കാലയളവിനുള്ളിൽ രാജി വച്ച് പോയതായും ഡോക്ടർമാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ഒഴിവുകൾ പലതും നികത്തിയിട്ടില്ല. ഡോക്ടേഴ്സ് ദിനമായ ജൂലൈ 1ന് ആർ.സി.സിയിലെ ഡോക്ടർമാർ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ആരോഗ്യ മന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്ന് സമരം മാറ്റിവച്ചത്. ഉറപ്പുകളിൽ നടപടിയാകാത്തതിനേത്തുടർന്നാണ് ഇന്നത്തെ സൂചനാ പണിമുടക്കെന്ന് ഡോക്ടർമാർ അറിയിച്ചു.