പ്രസംഗത്തില്‍ തെറ്റുസംഭവിച്ചു; രാജിയിൽ ആശയക്കുഴപ്പമില്ല: തള്ളി സിപിഎം

സജി ചെറിയാന്‍റെ ഭരണഘടനയെ അവഹേളിച്ചുള്ള പ്രസംഗം തള്ളി സിപിഎം. പ്രസംഗത്തില്‍ തെറ്റുസംഭവിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയുടെ അടിസ്ഥാനശിലകളാണെന്നും കോടിയേരി,, വിഷയം ചര്‍ച്ച ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം വ്യക്തമാക്കി. ബുധനാഴ്ച ചേര്‍ന്ന അവയ്ലബിള്‍ സെക്രട്ടേറിയറ്റില്‍ സജി ചെറിയാന്‍ രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്നും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായില്ലെന്നും കോടിയേരി അവകാശപ്പെട്ടു.

ചൊവ്വാഴ്ച വിവാദമായ സജി ചെറിയാന്‍റെ പ്രസംഗത്തിന്‍റെ ഉള്ളടക്കത്തോടുള്ള പാര്‍ട്ടി നിലപാട് ഒടുവില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  വ്യക്തമാക്കി. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന പാര്‍ട്ടിയാണ് ഭരണഘടനയുടെ സംരക്ഷണത്തിനുവേണ്ടിയാണ് പാര്‍ട്ടി പോരാടുന്നത്

രാജ്യത്തിന്‍റെ പരമാധികാരം, ജനാധിപത്യം, മതനിരപേക്ഷത എന്നിവ ഭരണഘടനയുടെ അടിസ്ഥാന ശിലകള്‍ രാജി ഉചിതമെന്നു പറഞ്ഞ കോടിയേരി ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സജി ചെറിയാന്‍ മാതൃക സൃഷ്ടിച്ചെന്നും കൂട്ടിച്ചേര്‍ത്തു. രാജിയോടെ പ്രശ്നങ്ങളെല്ലാം അപ്രസക്തമായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. രാജി തന്‍റെ തീരുമാനമായിരുന്നു എന്ന സജി ചെറിയാന്‍റെ വാക്കുകളെ സിപിഎം തള്ളിപ്പറയുന്നില്ല.

സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് രാജിയെന്ന വാര്‍ത്തയെ തള്ളാന്‍ കൂടിയാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്. മല്ലപ്പള്ളി ഏരിയ കമ്മിറ്റി നടത്തിയ പരിപാടിയിലെ പ്രസംഗം രണ്ടുദിവസത്തിനുശേഷം പുറത്തുവന്ന് വിവാദമായ സാഹചര്യം ഇനി പരിശോധിക്കാനില്ലെന്നും കോടിയേരി പറഞ്ഞു. സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യവും കോടിയേരി തള്ളി.