സജി ചെറിയാന്റെ ഭരണഘടനാ അവഹേളനം; പ്രസംഗത്തിൻ്റെ പൂർണ രൂപം ലഭിച്ചിട്ടില്ലെന്ന് പൊലീസ്

ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാൻ എംഎൽഎയ്ക്കെതിരായ കേസിൽ സിപിഎം മല്ലപ്പള്ളി പ്രാദേശിക നേതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇരുപതോളം പ്രവർത്തകരുടെ  മൊഴിയെടുക്കും. ഇന്ന് മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ് അടക്കമുള്ളവരുടെ മൊഴിയെടുത്തു. വിവാദമായ പ്രസംഗത്തിൻ്റെ പൂർണ രൂപം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

കേസെടുത്ത് പത്ത് ദിവസം ആകുമ്പോഴും വിവാദമായ പ്രസംഗത്തിൻ്റെ പൂർണ രൂപം ലഭിക്കാത്തതാണ് പൊലീസിനെ ആശങ്കയിലാക്കുന്നത്. നിലവിൽ പ്രസംഗത്തിൻ്റെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ മാത്രമാണ് പൊലീസിൻ്റെ കൈവശമുള്ളത്. ഇതിൻ്റെ പൂർണ രൂപം ലഭിച്ചാൽ മാത്രമെ അന്വേഷണം മുന്നോട്ട് പോകുകയുള്ളു. സി പി എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.

എന്നാൽ മുൻ മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനകൾ വിവാദമായതിനെത്തുടർന്ന് വിഡിയോ നീക്കം ചെയ്തിരുന്നു. വിഡിയോയുടെ പൂർണ രൂപം കൈവശമില്ലെന്നും ഫേസ്ബുക്ക് പേജിലെ വിഡിയോ നീക്കം ചെയ്തതായുമാണ് നേതാക്കൾ നൽകുന്ന വിശദീകരണം.

വിഡിയോ ചിത്രീകരിച്ച സ്റ്റുഡിയോ ഉടമയെ പൊലീസ് സമീപിച്ചെങ്കിലും ഫേസ്ബുക്ക് ലൈവായിരുന്നതിനാൽ അത് നഷ്ടപ്പെട്ടതായാണ് അയാൾ പൊലീസിനെ അറിയിച്ചത്.