മലയോര മണ്ണിലും മുന്തിരിവള്ളികൾ തളിർത്തപ്പോൾ; വിജയഗാഥയുമായി കർഷകൻ

തമിഴ്നാട്ടില്‍ മാത്രമല്ല ഇടുക്കിയുടെ മലയോര മണ്ണിലും മുന്തിരിവള്ളികള്‍ തളിര്‍ക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ചെമ്മണ്ണാര്‍ സ്വദേശിയായ അപ്പച്ചന്‍. കഴിഞ്ഞ നാലുവര്‍ഷമായി മുന്തിരി കൃഷിയില്‍ വിജയഗാഥ തീര്‍ക്കുകയാണ് ഈ കുടിയേറ്റ കര്‍ഷകന്‍.

കമ്പത്തും തേനിയിലുമൊന്നും പോകേണ്ട ഈ കാഴ്ച്ച കാണാന്‍. മലകയറി ചെമ്മണ്ണാര്‍ കവല തിരിഞ്ഞ് വെട്ടുക്കാട്ടില്‍ അപ്പച്ചന്റെ വീട്ടുമുറ്റത്ത് എത്തിയാല്‍ മതി. പേരക്കുട്ടികള്‍ക്ക് വിഷാംശം ഇല്ലാത്ത മുന്തിരി നല്‍കാന്‍ വേണ്ടിയാണ് കൃഷി തുടങ്ങിയത്.

തികച്ചും ജൈവ രീതിയിലാണ് കൃഷി. വിളവെടുക്കുന്ന മുന്തിരി സ്വന്തം ഉപയോഗത്തിന് പുറമേ നാട്ടുകാര്‍ക്ക് സൗജന്യമായി നല്‍കാറാണ് പതിവ്. ഇടുക്കിയിലെ തണുത്ത കാലാവസ്ഥയിലും മുന്തിരി നൂറുമേനി വിളയുമെന്ന് തെളിയിച്ച അപ്പച്ചന്‍ കൃഷി വിപുലപ്പെടുത്താനുള്ള തയാറെടുപ്പിലാണ്.