യുക്രെയ്നിൽ നിന്ന് തിരികെ എത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം അനുവദിക്കണമെന്ന് രക്ഷിതാക്കൾ

യുക്രെയ്ന്‍– റഷ്യ യുദ്ധത്തെ തുടര്‍ന്ന് യുക്രെയ്നില്‍ നിന്ന് തിരികെ എത്തിയ  മെഡിക്കല്‍ വിദ്യാര്‍ഥികളെ ഇന്ത്യയിലെ കോളജുകളില്‍ പഠിക്കാനനുവദിക്കണമെന്ന് രക്ഷിതാക്കള്‍. നിലവില്‍ ഓണ്‍ലൈനായി പഠനം തുടരുന്നുണ്ടെങ്കിലും യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ തുടര്‍പഠനം സാധ്യമാകില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സംഘടിപ്പിച്ച യോഗത്തിലാണ് ഇവര്‍ ആവശ്യമുന്നയിച്ചത്.

 മൂന്നുമാസം മുന്‍പാണ് യുക്രെയ്ന്‍ റഷ്യ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തിരികെയെത്തിയത്. യുദ്ധം അവസാനിക്കുമ്പോള്‍ മടങ്ങാമെന്ന  പ്രതീക്ഷയിലായിരുന്നു അധികംപേരും. എന്നാല്‍ സ്ഥിതി രൂക്ഷമായതോടെ ഇവരുട പ്രതീക്ഷകള്‍ക്കും മങ്ങലേല്‍ക്കുകയായിരുന്നു. ഇതുവരെ ഓണ്‍ലൈനായി ആയിരുന്നു പഠനം. പുതിയ അധ്യയനവര്‍ഷമായതോടെ ഫീസടച്ചാല്‍ മാത്രമേ ഓണ്‍ലൈന്‍ ക്ലാസ് ലഭിക്കൂ.  എന്നാല്‍ യുദ്ധം തുടരുന്നതിനാല്‍ ഫീസടച്ചാലും ഇവര്‍ക്ക് ക്ലാസുകള്‍ കിട്ടുമെന്ന ഉറപ്പില്ലാത്ത അവസ്ഥയാണിപ്പോള്‍.

 കോടതി നിര്‍ദേശപ്രകാരമുള്ള കാര്യങ്ങളുടെ അവസാനവട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് അധികാരികള്‍ ഇവര്‍ക്ക് നല്‍കിയ വിവരം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആധികാരികമായ അറിയിപ്പുകളൊന്നും നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കുട്ടികളുടെ ഭാവിമുന്നില്‍ കണ്ട് ഇന്ത്യയില്‍ തന്നെ ഇവര്‍ക്ക് പഠനത്തിനുള്ള സൗകര്യം ഒരുക്കണെമന്നാണ് ഇവരുടെ ആവശ്യം.