നഗരസഭയിൽ അനധികൃത കെട്ടിങ്ങള്‍ക്ക് നമ്പർ; കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും

കോഴിക്കോട് കോര്‍പറേഷനില്‍ അനധികൃത കെട്ടിങ്ങള്‍ക്ക് നമ്പര്‍ അനുവദിച്ച കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഒരുങ്ങുന്നത്. ക്രമക്കേടുകള്‍ക്ക് പിന്നില്‍ ചില രാഷ്ട്രീയ ഇടപെടലുകള്‍ നടന്നതായും സൂചനയുണ്ട്. 

ആറ് കെട്ടിടങ്ങളിലായി പതിനാറ് കടമുറികള്‍ക്ക് പാസ് വേര്‍ഡ് ചോര്‍ത്തി നമ്പര്‍ അനുവദിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. ഇതില്‍ ഒരു കെട്ടിടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഏഴുപേര്‍ അറസ്റ്റിലായത്. ബാക്കി അഞ്ചെണ്ണത്തില്‍ അന്വേഷണം തുടരുന്നു. രണ്ടുവര്‍ഷത്തിനിടെ കൊടുത്ത കെട്ടിട നമ്പരുകളെല്ലാം പരിശോധിക്കുന്ന സാഹചര്യത്തില്‍ തട്ടിപ്പിന്റ വ്യാപ്തി പതിന്‍മടങ്ങാകും. അതുകൊണ്ടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനൊരുങ്ങുന്നത്. സമഗ്രമായ അന്വേഷണം വേണമെന്ന് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി എ.എം സിദ്ദിഖും ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവരില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും അടുപ്പമുള്ളവരുണ്ട്. ഇവര്‍ക്ക് സഹായം ചെയ്ത ചില രാഷ്ട്രീയക്കാരെക്കുറിച്ചും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഗുരുതരമായ ക്രമക്കേടുകള്‍ തെളിവ് സഹിതം പുറത്തുവന്നിട്ടും രാഷ്ട്രീയ നേതൃത്വങ്ങള്‍ കാര്യമായ പ്രതിഷേധത്തിന് മുതിരാത്തതും അതുകൊണ്ടാണ്. അതേസമയം കോര്‍പറേഷന്‍ നിയോഗിച്ച അഭ്യന്തര അന്വേഷണസംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനശ്ചിതകാല സമരം മാറ്റിവച്ചിട്ടുണ്ട്.