പണം ലക്ഷ്യസ്ഥാനത്ത് എത്തിയില്ല; പ്രവാസിയുടെ കൊലപാതകത്തിൽ മൂന്ന് അറസ്റ്റ്

കാസർകോട് പ്രവാസിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ  മൂന്ന് പേർ കസ്റ്റഡിയിൽ. കൊല്ലപ്പെട്ട സിദ്ദിഖിന്റെ സുഹൃത്ത് ഉൾപ്പെടെയുള്ളവരെയാണ് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. എട്ട് അംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

ഇന്നലെ രാത്രിയാണ് മുപ്പത്തി രണ്ടുകാരനായ മെഗു സ്വദേശി അബൂബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് കൊലയാളികൾ കടന്നുകളഞ്ഞത്.

ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറലോകമറിയുന്നത്.  മരിച്ച സിദ്ദിഖിന്റെ സുഹൃത്തായ അൻസാരിയുടെ കൈയ്യിൽ കൊലപാതക സംഘം അമ്പത് ലക്ഷം രൂപ വിദേശത്തേക്ക് കടത്താൻ നൽകിയെന്നും എന്നാൽ ലക്ഷ്യ സ്ഥാനത്ത് പണം എത്താതായതോടെ തിരിച്ചെത്തിയ അൻസാരിയെയും, സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സംഘം തട്ടികൊണ്ടുപോയെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് സിദ്ദിഖിനെയും നാട്ടിലേക്ക് വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സിദ്ദിഖിനെ ആശുപത്രിയിലെത്തിച്ച കാറിന്റെ ഉടമ, സിദ്ദിഖിന്റെ സുഹൃത്ത്, സംഘത്തിലെ മറ്റൊരാൾ എന്നിങ്ങനെ മൂന്നു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖിന്റെ സഹോദരനും സുഹൃത്തും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. അതേ സമയം സിദ്ദിഖിന്റെ മൃതദേഹം  ഇൻക്വസ്റ്റിങ്ങ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ പരിയാരം മെഡിക്കൽ  കോളജ് ആശുപത്രിയിലേക്ക്  മാറ്റി.