തിരുവനന്തപുരം മെഡിക്കൽ കോളജിൽ മോഷണം തുടർക്കഥ; സുരക്ഷാ വീഴ്ച

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സുരക്ഷാ വീഴ്ച തുടർക്കഥ. ഇന്ന് പുലർച്ചെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ മൊബൈലുകളും പണവും മോഷണം പോയി. വെള്ളക്കോട്ടിട്ട് എത്തിയ ആളാണ് മോഷണം നടത്തിയതെന്ന് വെള്ളിയാഴ്ച കവർച്ചക്കിരയായ ലീല മനോരമ ന്യൂസിനോട് പറഞ്ഞു.  

ഹൃദ്രോഗ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിൽസയിൽ കഴിയുന്ന വെഞ്ഞാറമൂട് സ്വദേശിനി ഗോമതിക്ക് കൂട്ടിരിക്കാൻ എത്തിയതാണ് സഹോദരി ലീല. ഇന്നലെ പുലർച്ചെയാണ് ലീലയുടെ 3500 രൂപയും പഴ്സും തിരിച്ചറിയൽ രേഖകളും മോഷണം പോയത്. ഡോക്ടറുടെ കാരുണ്യത്തിൽ കഴിയുന്നവർക്കാണ് ഉള്ള ചില്ലറത്തുട്ടുകൾ കൂടി നഷ്ടമായത്. ലീലയോട് വിവരം തിരക്കുമ്പോൾ ഇന്ന് പുലർച്ചെ മോഷണത്തിനിരയായ കോയമ്പത്തൂർ സ്വദേശികളുമെത്തി. വാർഡിൽ കഴിയുന്ന രോഗിക്ക് കൂട്ടു കിടക്കുന്നവർക്കാണ് പണവും മൊബൈലുകളും നഷ്ടമായത്. മെഡിക്കൽ കോളജ് ക്യാംപസിലും വാർഡുകളിലും മോഷണം പതിവാണ്.

രോഗികളെ ചികിൽസിക്കുകയും പണം തട്ടുകയും ചെയ്ത വ്യാജ ഡോക്ടറെ പിടികൂടിയത് കഴിഞ്ഞ മാസമാണ്. തിരിച്ചറിയൽ കാർഡ് പരിശോധന കർശനമാക്കണമെന്ന് ആരോഗ്യ മന്ത്രി നിർദേശിച്ചിരുന്നു. നടപടികൾ ഫലം ചെയ്യുന്നില്ലെന്നതിൻ്റെ തെളിവാണ് തുടർച്ചയാകുന്ന തട്ടിപ്പുകൾ